സിഖ് വിമതനെ കൊല്ലാന്‍ ശ്രമം: അമേരിക്ക തേടുന്ന റോ ഏജന്റ് ഇന്ത്യയില്‍ തട്ടിക്കൊണ്ടു പോവല്‍ കേസിലും പ്രതി
ഈ കേസില്‍ നാലു മാസം തീഹാര്‍ ജയിലില്‍ കഴിഞ്ഞ ശേഷം ഏപ്രിലിലാണ് വികാസ് യാദവ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പോലിസിന്റെ കൈവശമില്ല.
ന്യൂഡല്‍ഹി: സിഖ് വിമതനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയതിന് അമേരിക്ക തേടുന്ന മുന്‍ റോ ഏജന്റ് വികാസ് യാദവ് ഡല്‍ഹിയില്‍ തട്ടിക്കൊണ്ടു പോവല്‍ കേസിലും പ്രതി. അമേരിക്കന്‍ പൗരനായ ഗുര്‍പത്‌വന്ത് സിങ് പന്നുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയതിന് വികാസ് യാദവിനെതിരേ കഴിഞ്ഞ ദിവസം അമേരിക്ക ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വികാസ് യാദവിനെതിരേ ഗൂഡാലോചനാ കുറ്റം ചുമത്തുമെന്ന് കഴിഞ്ഞ നവംബറില്‍ അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു.
എന്നാല്‍, ഇതിന് ശേഷം ഇയാള്‍ തട്ടിക്കൊണ്ടു പോവല്‍ കേസില്‍ പ്രതിയായി. ഡല്‍ഹിയിലെ രോഹിണി പ്രദേശത്തെ ഒരു ഐടി കമ്പനി ഉടമയെയാണ് വികാസ് യാദവ് തട്ടിക്കൊണ്ടു പോയത്. ഒരു സുഹൃത്ത് വഴിയാണ് വികാസ് യാദവിനെ പരിചയപ്പെട്ടതെന്ന് രോഹിണി സ്വദേശിയുടെ പരാതി പറയുന്നു. ''കേന്ദ്രസര്‍ക്കാരിന് വേണ്ടി രഹസ്യ ഓപ്പറേഷനുകള്‍ നടത്തുന്നയാളാണ് എന്നും പറഞ്ഞു. ഡിസംബറില്‍ ലോധി റോഡില്‍ വരാന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച് തോക്കുചൂണ്ടി ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോയി. സ്വര്‍ണ ആഭരണങ്ങളും പണവും കവര്‍ന്ന ശേഷമാണ് വെറുതെ വിട്ടത്. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇതെല്ലാം ചെയ്തതെന്നും പറഞ്ഞു. മോചിപ്പിക്കപ്പെട്ട ശേഷമാണ് പോലിസില്‍ പരാതി നല്‍കിയത്.'' രോഹിണി സ്വദേശി പറഞ്ഞു.
ഈ കേസില്‍ നാലു മാസം തീഹാര്‍ ജയിലില്‍ കഴിഞ്ഞ ശേഷം ഏപ്രിലിലാണ് വികാസ് യാദവ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പോലിസിന്റെ കൈവശമില്ല.