കോഴിക്കോട്: ചുങ്കം സ്വദേശി വിജിലിന്റെ ശരീരം സരോവരത്തെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി ഗോശാലികുന്നുമ്മല്‍ വീട്ടില്‍ രഞ്ജിത്തിനെ(39)യാണ് പിടികൂടിയത്. വിജിലിന്റേത് എന്നു കരുതുന്ന അസ്ഥികള്‍, പൊലീസ് സരോവരത്തുള്ള ചതുപ്പില്‍ നിന്നും കണ്ടെടുത്തു എന്നറിഞ്ഞ പ്രതി തെലങ്കാനയിലേക്ക് കടക്കുകയായിരുന്നു. സൈബര്‍ സെല്ലുമായി സഹകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പ്രതി തെലങ്കാനയിലെ കമ്മം പ്രദേശത്തുണ്ടെന്ന് അറിഞ്ഞു. തുടര്‍ന്ന് പോലിസ് സംഘം എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. സാഹസികമായാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.
2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതായത്. ആദ്യ അന്വേഷണം എവിടെയുമെത്തിയില്ല. തുടര്‍ന്ന് രണ്ടാംഘട്ട അന്വേഷണത്തില്‍ വിജിലിന്റെ സുഹൃത്തുകളെ വീണ്ടും പോലിസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ വൈരുധ്യം മനസിലാക്കിയ പോലിസ് വിശദമായി ചോദ്യം ചെയ്തതിലാണ് പ്രതികള്‍ കുറ്റം സമ്മതിക്കുകയും വിജിലിന്റെ മൃതശരീരം സരോവരം ചതുപ്പില്‍ കുഴിച്ചു മൂടിയതായും മൊഴി ലഭിച്ചത്. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിനാല്‍ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും ആയിരുന്നു വെളിപ്പെടുത്തല്‍. ഇതോടെയാണ് വിജിലിന്റെ സുഹൃത്തുക്കളായ വാഴത്തുരുത്തി കുളങ്ങരക്കണ്ടി മീത്തല്‍ കെ കെ നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. 53 അസ്ഥിക്കഷ്ണങ്ങളാണ് പോലിസിന് കണ്ടെത്താന്‍ കഴിഞ്ഞത്.
