53 കോടിയുടെ സ്വര്‍ണ കൊള്ള: ബാങ്ക് മാനേജര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ മണാഗുലിയിലെ കനറ ബാങ്കില്‍ നിന്നും 53 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ സീനിയര്‍ മാനേജര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. പത്ത് കോടി രൂപയുടെ സ്വര്‍ണവും രണ്ടു കാറുകളും പിടിച്ചെടുത്തതായി എസ്പി ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. വിജയകുമാര്‍ മോഹനര മിരിയാല (41), ചന്ദ്രശേഖര്‍ കോടിലിംഗം നെരെല്ല (38), സുനില്‍ നരസിംഹലു മോക (40) എന്നിരാണ് അറസ്റ്റിലായിരിക്കുന്നത്. മെയ് 23നും 25നും ഇടയിലാണ് മോഷണം നടന്നത്.
സൂക്ഷ്മമായി ആസൂത്രണം ചെയ്ത കവര്‍ച്ചയില്‍ ബാങ്കിനുള്ളിനുള്ളവര്‍ സഹായിച്ചതായി സംശയിച്ചിരുന്നതായി എസ്പി ചൂണ്ടിക്കാട്ടി. പ്രധാന വാതിലിന്റെ പൂട്ട് തുറന്ന്, അലാറം സിസ്റ്റം ഓഫ് ചെയ്ത്, ലോക്കറില്‍ പ്രവേശിക്കാന്‍ ഡ്യൂപ്ലിക്കേറ്റ് താക്കോലാണ് ഉപയോഗിച്ചത്. സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ഒരു ലോക്കര്‍ മാത്രമേ തുറന്നിരുന്നുള്ളൂ. മന്ത്രവാദം നടത്തിയെന്ന് തോന്നിപ്പിക്കാന്‍ ഒരു കറുത്ത പാവയും അവിടെയിട്ടു. ബാങ്കിന് അകത്തെ സിസിടിവി ക്യാമറകള്‍ നീക്കം ചെയ്തതിനാല്‍ പ്രതികളെ കുറിച്ച് വിവരം ലഭിച്ചില്ല. ശാസ്ത്രീയമായ അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ സഹായിച്ചത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും എസ്പി വെളിപ്പെടുത്തി.