''പശുഗുണ്ടകള്‍ കലാപം നടത്തുന്നു; കന്നുകാലി വ്യാപാരം സ്തംഭിച്ചു'': മുഹമ്മദ് അലി ഖുറേശി

Update: 2025-08-09 13:45 GMT

മുംബൈ: മഹാരാഷ്ട്രയിലെ ഖുറേശി വിഭാഗം കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി സമരത്തിലാണ്. കന്നുകാലികളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ നിര്‍ത്തിയിരിക്കുകയാണ്. പശുക്കശാപ്പ് നിരോധിച്ചതിന് എതിരെയല്ല തങ്ങളുടെ സമരമെന്നും മറിച്ച് ഹിന്ദുത്വ പശുഗുണ്ടകളുടെ ശല്യത്തിനെതിരെയാണെന്നും ബോംബെ സബര്‍ബന്‍ ബീഫ് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് അലി ഖുറേശി പറഞ്ഞു.

പശു, കാള എന്നിവയെ അറുക്കുന്നത് തടയുന്ന നിയമം 2015ല്‍ പ്രാബല്യത്തില്‍ വന്നത് ഖുറേശികളെ പ്രതികൂലമായി ബാധിച്ചെന്ന് അദ്ദേഹം പറയുന്നു.ഖുറേശികള്‍ നിയമം പാലിക്കുന്നുണ്ടെങ്കിലും നിയമപരമായ കന്നുകാലി ഇടപാടുകള്‍ നടത്താന്‍ പോലും പശുസംരക്ഷകര്‍ എന്നു പറയുന്നവര്‍ അനുവദിക്കുന്നില്ല. എരുമകളെ കൊണ്ടുപോവുന്നത് പോലും തടയുന്നു. അതിനാലാണ് പ്രതിഷേധിക്കുന്നത്. ബീഫ് എന്നുപറയുമ്പോള്‍ എരുമയെ കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, മൃഗസംരക്ഷണ നിയമം നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുന്ന സ്വകാര്യ വ്യക്തികളും സംഘടനകളും ആക്രമണം നടത്തുകയാണ്. നിയമപരമായ എരുമ കശാപ്പ് പോലും അവര്‍ തടയുന്നു.

ഗോ രക്ഷാ സമിതികള്‍ എന്ന പേരിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തകാലത്തായി അവരുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി. കന്നുകാലികളെ കൊണ്ടുപോവുന്ന വാഹനങ്ങള്‍ തടയുക, കന്നുകാലികളെ തട്ടിയെടുക്കുക, വ്യാപാരികളെ ആക്രമിക്കുക തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. ചില സ്ഥലങ്ങളില്‍ അവര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും നടത്തി.

കന്നുകാലികളെ വില്‍ക്കുന്ന കര്‍ഷകരെ പശുഗുണ്ടകള്‍ ആക്രമിക്കുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഏതെങ്കിലും ഖുറേശി കന്നുകാലികളെ വാങ്ങുമ്പോളാണ് അവര്‍ പ്രത്യക്ഷപ്പെടുന്നത്. നിയമപരമായി കൊണ്ടുപോവുന്ന കന്നുകാലികളെ വരെ അവര്‍ തട്ടിയെടുത്ത് തൊഴുത്തുകളിലേക്ക് കൊണ്ടുപോവുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയല്‍ നിയമം പോലുള്ളവയാണ് അതിനായി ഉപയോഗിക്കുന്നത്. നിസാരകാരണങ്ങള്‍ പറഞ്ഞാണ് കന്നുകാലികളെ പിടിച്ചെടുക്കുന്നത്. വാഹനത്തില്‍ കന്നുകാലിക്ക് മതിയായ വിശ്രമം ലഭിച്ചില്ലെന്ന് പോലും അവര്‍ ആരോപിക്കും. വാഹനത്തില്‍ ഓവര്‍ലോഡ് ആണെന്ന് പറഞ്ഞും കന്നുകാലികളെ പിടിച്ചെടുക്കും.

ഈ കന്നുകാലികളെ സ്വകാര്യ തൊഴുത്തുകള്‍ക്ക് നല്‍കും. അവയുടെ ചെലവ് നടത്താനെന്ന പേരില്‍ വാഹനങ്ങളും പിടിച്ചെടുക്കും. വാഹനങ്ങള്‍ വിട്ടുകിട്ടണമെങ്കില്‍ വലിയ തുക നല്‍കേണ്ടി വരും. കോടതിയില്‍ കേസ് നടത്തി ശിക്ഷിച്ചതിന് ശേഷമല്ല ഇതെല്ലാം നടക്കുന്നത്. അതിനാലാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ സംസ്ഥാനത്തെ 129 കന്നുകാലി ചന്തകളിലും ഇടപാടുകള്‍ നടക്കുന്നില്ല. എരുമ മാംസം കയറ്റുമതി ചെയ്യുന്ന വലിയ സ്ഥാപനങ്ങള്‍ പോലും പൂട്ടിയിരിക്കുകയാണ്. കന്നുകാലി വാഹനങ്ങളെ തടയുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. പക്ഷേ, കന്നുകാലി വ്യാപാരവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അദ്ദേഹത്തിന്റെ കീഴില്‍ അല്ല. അദ്ദേഹം തന്ന ഉറപ്പ് മാറ്റങ്ങളുണ്ടാക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ഖുറേഷികള്‍ക്കിടയില്‍ ചര്‍ച്ച നടത്തി അടുത്ത നടപടികള്‍ തീരുമാനിക്കും. ബിസിനസ് നിലനില്‍ക്കാന്‍ അടിത്തട്ടില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.