കൊച്ചിയിലെ ഇഡി ഓഫിസിലെത്തി വിജിലന്‍സ് സംഘം; തെളിവുകള്‍ ശേഖരിക്കുന്നു

Update: 2025-06-02 12:11 GMT

കൊച്ചി: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫിസില്‍ നേരിട്ടെത്തി വിജിലന്‍സ് സംഘം. കശുവണ്ടി വ്യവസായി അനീഷ് ബാബുവിന് എതിരെ ഇഡി രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളുടെ രേഖകളാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനീഷ് ബാബുവിന്റെ കേസുകളുമായി ബന്ധപ്പെട്ട് എന്തൊക്കെ അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇഡി ഓഫീസില്‍ നടന്നിരിക്കുന്നത് എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാംപ്രതിയായ കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യമാണ് എന്നുകാണിച്ചാണ് വിജിലന്‍സ് ഇഡി ഓഫീസിലെത്തിയത്. അനീഷിനെ എത്രതവണ വിളിച്ചുവരുത്തി, മൊഴിയുടെ വിശദാംശങ്ങള്‍ എന്നിവയടങ്ങിയ രേഖകളാണ് വിജിലന്‍സിന് ആവശ്യം. ഓഫിസിലെത്തിയ വിജിലന്‍സ് സംഘം, തങ്ങള്‍ക്ക് വേണ്ട രേഖകളുടേയും തെളിവുകളുടേയും പട്ടിക ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.