വിജിലന്‍സിന്റെ പാതിരാപരിശോധനയില്‍ കുടുങ്ങി ഒമ്പത് പോലിസുകാര്‍; പിടിയിലായവരില്‍ മൂന്നു എസ്‌ഐമാരും

Update: 2025-02-15 04:21 GMT

തിരുവനന്തപുരം: മൂന്നു ജില്ലകളില്‍ വിജിലന്‍സ് വകുപ്പ് നടത്തിയ പാതിരാ ഓപ്പറേഷനില്‍ കൈക്കൂലി വാങ്ങുകയായിരുന്ന ഉദ്യോഗസ്ഥരടക്കം ഒമ്പത് പോലിസുകാര്‍ പിടിയില്‍. പോലിസ് വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന പോലിസുകാരനും പിടിയിലായി. മൂന്ന് എസ്‌ഐമാരും ഒരു എഎസ്‌ഐയും രണ്ട് ഗ്രേഡ് സിപിഒമാരും മൂന്നു പോലിസ് ഡ്രൈവര്‍മാരുമാണ് പിടിയിലായതെന്ന് വിജിലന്‍സ് അറിയിച്ചു. ഇവര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ റിപോര്‍ട്ട് നല്‍കും.

എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പോലിസിന്റെ ഹൈവേ പട്രോളുകളിലും കണ്‍ട്രോള്‍റൂം വാഹനങ്ങളിലുമാണ് മിന്നല്‍ പരിശോധന നടന്നത്. വിജിലന്‍സ് സെന്‍ട്രല്‍ റെയ്ഞ്ച് സൂപ്രണ്ട് എസ് ശശിധരന്റെ നേതൃത്വത്തില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍നിന്നായി അഞ്ച് ഡിവൈഎസ്പിമാരും 12 ഇന്‍സ്‌പെക്ടര്‍മാരും അറുപതോളം വിജിലന്‍സ് ഉദ്യോഗസ്ഥരുമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. മൂന്ന് ജില്ലകളിലായി 13 ഹൈവേ പട്രോള്‍ വാഹനങ്ങളും 12 കണ്‍ട്രോള്‍ വാഹനങ്ങളുമാണ് പരിശോധിച്ചത്. പിടിയിലായ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.