''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു'' കുറ്റം സമ്മതിച്ച് സയണിസ്റ്റ് (VIDEO)

Update: 2025-06-28 15:23 GMT

അരിസോണ(യുഎസ്): ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാസ്റ്ററെ ക്രൂശിച്ചു കൊന്നെന്ന് സമ്മതിച്ച് പ്രതി. ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് അരിസോണയിലെ ന്യൂ റിവറില്‍ പാസ്റ്റര്‍ ബില്‍ എന്നയാളെ ക്രൂശിച്ചു കൊന്ന കേസിലെ പ്രതിയായ ആദം ക്രിസ്റ്റ്ഫര്‍ ഷിയാഫി(51)യാണ് മാധ്യമങ്ങോട് കുറ്റം സമ്മതിച്ചത്. ഇസ്രായേലിനെ തിന്മയില്‍ നിന്നും രക്ഷിക്കാനുള്ള കല്‍പ്പനയുടെ ഭാഗമായാണ് കൊലപാതകമെന്ന് പ്രതി പറഞ്ഞു.

''ഏപ്രിലില്‍ ഞാന്‍ ഫീനിക്‌സില്‍ നിന്നും കാര്‍ ഓടിച്ച് ബില്ലിന്റെ വീട്ടിലെത്തി. എന്നിട്ട് കൊന്നു.''-പ്രതി പറഞ്ഞു. ഏപ്രില്‍ 28നാണ് പാസ്റ്റര്‍ ബില്ലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടന്ന മൃതദേഹത്തിന്റെ രണ്ടുകൈകളും വശങ്ങളിലേക്ക് വലിച്ചു കെട്ടിയിരുന്നു. ഒരു മുള്‍കിരീടവും തലയിലുണ്ടായിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കവെയാണ് സെഡോണ എന്ന പ്രദേശത്ത് നിന്ന് ആദം ക്രിസ്റ്റ്ഫര്‍ ഷിയാഫിയെ പിടികൂടിയത്.

മറ്റു രണ്ടു ക്രിസ്ത്യന്‍ പുരോഹിതരെ കൊല്ലാനാണ് സെഡോണയിലേക്ക് പോയതെന്നും പ്രതി സമ്മതിച്ചു. മൊത്തം 14 ക്രിസ്ത്യന്‍ പുരോഹിതരെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നത്. യേശു ക്രിസ്തു ദൈവമാണെന്ന് പറയുന്നവര്‍ ആരായാലും ക്രിസ്ത്യാനികളായും കത്തോലിക്കരായാലും മോര്‍മണുകളായാലും കൊല്ലുമെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷന്‍ ഫസ്റ്റ് കമാന്‍ഡ്‌മെന്റ്് എന്നായിരുന്നു ഇയാളുടെ പദ്ധതിയുടെ പേര്. ദൈവത്തിന്റെ ത്രിത്വം മനുഷ്യനിര്‍മിതിയാണെന്നും ക്രിസ്ത്യാനികളോട് തനിക്ക് എതിര്‍പ്പില്ലെന്നും പാസ്റ്റര്‍മാരാണ് അവരെ നശിപ്പിക്കുന്നതെന്നും പ്രതി പറഞ്ഞു.