മുസ് ലിംകള്‍ക്കെതിരേ തോക്ക്ചൂണ്ടി നില്‍ക്കുന്ന വീഡിയോ: ബിജെപിയുടെ സാമൂഹ്യ മാധ്യമ കണ്‍വീനറെ പുറത്താക്കി
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വിവാദ വിഡിയോയ്ക്ക് പിന്നാലെ ബിജെപിയുടെ സാമൂഹ്യ മാധ്യമ കണ്‍വീനറെ പുറത്താക്കി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, മുസ്ലിംകള്‍ക്കെതിരെ തോക്കുചൂണ്ടി നില്‍ക്കുന്ന വിവാദ വിഡിയോ സൃഷ്ടിച്ചതിനാണ് നടപടി. റോണ്‍ വികാസ് ഗൗരവിനെയാണ് പുറത്താക്കിയത്.
ഹിമന്ത ബിശ്വ ശര്‍മക്കെതിരെ അഭിഭാഷകര്‍,ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടക്കമുള്ളവര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ സാമൂഹ്യ മാധ്യമ കണ്‍വീനറെ പുറത്താക്കിയത്.
അസം ബിജെപിയുടെ ഔദ്യോഗിക എക്സ് പേജിലാണ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുന്ന ഹിമന്തയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. 'പോയിന്റ് ബ്ലാങ്ക് ഷൂട്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. ബംഗാളി മുസ്ലിംകള്‍ക്കെതിരെ ഹിമന്തയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് വീഡിയോ. തോക്ക് പിടിച്ചുനില്‍ക്കുന്ന മുഖ്യമന്ത്രി എഐ വഴി നിര്‍മിച്ച മുസ്ലിംകളുടെ ഫോട്ടോക്ക് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.