ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ പാലത്തില്‍ മെക്‌സിക്കന്‍ ബോട്ടിടിച്ചു; രണ്ടു മരണം (വീഡിയോ)

Update: 2025-05-18 05:04 GMT

ന്യൂയോര്‍ക്ക്: യുഎസിലെ ബ്രൂക്ക്‌ലിനിലെ പ്രശസ്തമായ കേബിള്‍ സസ്‌പെന്‍ഷന്‍ പാലത്തില്‍ മെക്‌സിക്കന്‍ നാവികസേനയുടെ ബോട്ടിടിച്ച് രണ്ടു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ബ്രൂക്ക്‌ലിന്‍ പാലത്തിന് താഴയുള്ള പിയര്‍ 17ല്‍ ഡോക്ക് ചെയ്തിരുന്ന ബോട്ട് ദിശമാറി സഞ്ചരിച്ചാണ് അപകടമുണ്ടായത്. പാലത്തിന് അടിയിലൂടെ പോവുന്ന ബോട്ടുകളുടെ പായ്മരത്തിന് 127 അടി പൊക്കം മാത്രമേ പാടൂള്ളൂയെന്നാണ് വ്യവസ്ഥയെന്നും മെക്‌സിക്കന്‍ ബോട്ടിന്റെ പായ്മരത്തിന് 160 അടി പൊക്കമുണ്ടായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. 297 അടി നീളവും 40 അടി വീതിയുമുള്ള ക്വാവൂടെമോക് എന്ന ട്രെയ്‌നിങ് ബോട്ടാണ് അപകടമുണ്ടാക്കിയതെന്ന് മെക്‌സിക്കന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

ബ്രൂക്ക്‌ലിനെയും മാന്‍ഹാട്ടനെയും ബന്ധിപ്പിക്കുന്ന പാലം 1883ലാണ് നിര്‍മിച്ചത്. സിറ്റിയിലെ ആദ്യ കേബിള്‍ പാലമാണ് ഇത്. 1921ല്‍ എഡ്വേര്‍ഡ് ജെ ലോറന്‍സ് എന്ന കപ്പല്‍ പാലത്തില്‍ ഇടിച്ചിരുന്നു. 1931ല്‍ മറ്റൊരു കപ്പലും പാലത്തില്‍ ഇടിച്ചു. കപ്പലിന്റെ നാലു പായ്മരങ്ങള്‍ തകര്‍ന്നു. വേലിയേറ്റമാണ് അപകടത്തിന് കാരണമെന്നാണ് കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞത്. 1986ല്‍ ഒരു സൗത്ത് കൊറിയന്‍ കപ്പല്‍ പാലത്തില്‍ ഉരഞ്ഞു. ഈ അപകടത്തില്‍ കപ്പലിന്റെ റഡാര്‍ തകര്‍ന്നു.