പ്രഥമദൃഷ്ട്യാ കേസില്ലെങ്കില്‍ 'അതിജീവിതയുടെ' അപ്പീല്‍ അതിവേഗം തള്ളാം: ഹൈക്കോടതി
കൊച്ചി: ലൈംഗികപീഡനക്കേസില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ അതിജീവിതയുടെ അപ്പീല്‍ അതിവേഗം തള്ളാവുന്നതാണെന്ന് ഹൈക്കോടതി. കുറ്റാരോപിതനെ വിചാരണക്കോടതി വെറുതെവിട്ടതിനെതിരേ അതിജീവിത നല്‍കുന്ന അപ്പീല്‍ കീഴ്‌ക്കോടതി രേഖകള്‍ പോലും പരിശോധിക്കാതെ തള്ളാമെന്നാണ് ജസ്റ്റിസ് ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. എസ്‌സി വിഭാഗക്കാരിയായ യുവതിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയത്. കേസിലെ പരാതിക്കാരിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റാരോപിതനെ വിചാരണക്കോടതി വെറുതെവിട്ടിരുന്നത്. ഈ വിധിക്കെതിരെ അതിജീവിത നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. ലൈംഗികപീഡനക്കേസുകളിലെ അപ്പീലുകള്‍ സാധാരണ ഗതിയില്‍ ഫയലില്‍ സ്വീകരിക്കാറാണ് പതിവെന്നും എന്നാല്‍, പ്രഥമദൃഷ്ട്യാ കേസില്ലാത്ത കേസുകള്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്നും ഈ അപ്പീല്‍ തള്ളി കോടതി പറഞ്ഞു. '' വെറുതെവിട്ടതിന് ശേഷം ഇത്തരം അപ്പീലുകള്‍ പരിഗണിക്കുന്നത് കുറ്റാരോപിതന്റെ മേല്‍ വാള്‍ തൂക്കിയിടുന്നത് പോലെയാണ്. അപ്പീല്‍ തീര്‍പ്പാവും വരെ വാള്‍ തുടരും.''-കോടതി പറഞ്ഞു.