പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി

Update: 2025-02-22 01:43 GMT

അലഹബാദ്: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. കുംഭമേളയുടെ ഭാഗമായി നടത്തിയ പ്രത്യേക പശു സംരക്ഷണ സമ്മേളനത്തിലാണ് വിഎച്ച്പി നേതാക്കള്‍ ആവശ്യം ആവര്‍ത്തിച്ചത്. പശുക്കളെ പരിപാലിക്കാനും സംരക്ഷിക്കാനും എണ്ണം വര്‍ധിപ്പിക്കാനുമുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിക്കുമെന്ന് വിഎച്ച്പിയുടെ പശുസംരക്ഷണ വിഭാഗം നേതാവ് ദിനേശ് ഉപാധ്യായ പറഞ്ഞു. പശു സംരക്ഷിക്കപ്പെട്ടാല്‍ ലോകം സംരക്ഷിക്കപ്പെടും. പശുക്കള്‍ നമ്മുടെ ശാരീരിക, സാമ്പത്തിക, മാനസിക വികാസത്തില്‍ നിര്‍ണായകമാണ്. ഹിന്ദുക്കള്‍ മാത്രമാണ് പശുവിനെ മാതാവായി കാണുന്നതും ലോകത്ത് ക്ഷേമമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും പശുസംരക്ഷണ പരിപാടികള്‍ നടത്തുന്നുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച തിരുപിത സ്വാമി എന്നയാള്‍ പറഞ്ഞു. ജയിലുകളില്‍ പശുക്കള്‍ക്കായി പ്രത്യേക തൊഴുത്തുകള്‍ രൂപീകരിക്കണമെന്ന് വിഎച്ച്പി പ്രാദേശിക സെക്രട്ടറി ലാല്‍ മണി തിവാരി ആവശ്യപ്പെട്ടു. വിഎച്ച്പിയുടെ പശുസംരക്ഷണ വിഭാഗത്തില്‍ നിന്നുള്ള നാലായിരത്തോളം പേര്‍ യോഗത്തില് പങ്കെടുത്തെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.