കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ മുഖ്യ ഹരജിക്കാരനായ അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ അന്തരിച്ചു
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ മുഖ്യ പരാതിക്കാരനും നൂറുകണക്കിന് പൊതുതാല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്തിട്ടുള്ളയാളുമായ അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ(69) അന്തരിച്ചു. റഫാല്‍ വിമാന ഇടപാട്, ഹിന്‍ഡെന്‍ബര്‍ഗ് റിപോര്‍ട്, പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം പൊതുതാല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ഹരജികളെന്ന് പറഞ്ഞ് പലതവണ സുപ്രിംകോടതി ശര്‍മയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ കുപ്രസിദ്ധമായ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ ഒരു പ്രതിക്ക് വേണ്ടി ഹാജരായതും ശര്‍മയായിരുന്നു. ഈ കേസിന്റെ വിചാരണാ സമയത്ത് സ്ത്രീകളെ കുറിച്ച് മോശമായി പറഞ്ഞതിനും ശര്‍മ വിമര്‍ശനം നേരിട്ടിരുന്നു.