കരക്കാസ്: യുഎസ് അധിനിവേശം നടത്താന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വെനുസ്വേല. യാങ്കി ആക്രമണമുണ്ടായാല്‍ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് നിക്കോളാസ് മധുറോ ഒപ്പിട്ടതായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗ്‌സ് അറിയിച്ചു. ഇതോടെ രാജ്യത്തെ സായുധസേനകളുടെയും ജനകീയ മിലിഷ്യകളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് തീരുമാനിക്കും. രാജ്യത്തെ വിവിധ വ്യവസായങ്ങളും സൈനികതാല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടി വരും.
''യാങ്കികളെ നേരിടാന്‍ വെനുസ്വേലന്‍ ജനത എക്കാലത്തേക്കാളും സജ്ജരാണ്, കൂടുതല്‍ ആത്മവിശ്വാസമുള്ളവരാണ്, ഏതൊരു സാഹചര്യത്തെയും നേരിടാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ അവരുടെ പക്കലുണ്ട്''-മധുറോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയെ ആക്രമിക്കാനുള്ള നാറ്റോയുടെ ശ്രമം, ഗസയിലെ കൂട്ടക്കൊല, അറബ് രാജ്യങ്ങള്‍ക്കും ഇറാനും ചൈനയ്ക്കും വെനുസ്വേലക്കും എതിരായ നീക്കങ്ങള്‍ എന്നിവ മൂന്നാം ലോകമഹായുദ്ധത്തിന്റെ സൂചനയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് മാഫിയകളെ നേരിടാനെന്ന പേരില്‍ വെനുസ്വേലന്‍ തീരങ്ങളില്‍ യുഎസ് സൈനികരെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് നിരവധി വെനുസ്വേലന്‍ ബോട്ടുകളെ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. വെനുസ്വേലയുടെ അതിരുകളില്‍ നിന്നും യുഎസ് സൈന്യം പിന്‍മാറണമെന്ന് അയല്‍രാജ്യമായ കൊളംബിയയും ആവശ്യപ്പെട്ടിട്ടുണ്ട്.
