മൊസാദിന്റെ ആയുധങ്ങള്‍ പിടിച്ചെടുത്ത് വെനുസ്വേല

Update: 2025-07-02 06:02 GMT

കരക്കാസ്: വലതുപക്ഷ സംഘടനകള്‍ക്കും കൊളംബിയയിലെ മയക്കുമരുന്നു മാഫിയകള്‍ക്കും നല്‍കാന്‍ ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് സൂക്ഷിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് വെനുസ്വേല സര്‍ക്കാര്‍. അത്യാധുനിക തോക്കുകള്‍ക്കും ഗ്രനേഡുകള്‍ക്കും അതിശക്തമായ തിരകള്‍ക്കും കാവല്‍ നിന്നവരെ അറസ്റ്റ് ചെയ്തതായും വെനുസ്വേല ആഭ്യന്തരമന്ത്രി ദിയോസ്ദാദോ കാബെല്ലോ അറിയിച്ചു. കരക്കാസ്, ബരിനാസ് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബരിനാസില്‍ നിന്നും റിമോട്ട് കണ്‍ട്രോളുകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കൊളംബിയന്‍ പൗരനായ ഒരാളുടെ കാറിലെ അധിക ടയറിലാണ് ഇവ കണ്ടെത്തിയത്. മിലിട്ടറി അക്കാദമി, നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍, കൊളംബിയന്‍ എംബസി, സുപ്രിംകോടതി തുടങ്ങിയവ ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് പ്രതി സമ്മതിച്ചു.

വെനുസ്വേലയില്‍ അധിനിവേശം നടത്താന്‍ യുഎസിനെ പ്രേരിപ്പിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന് ദിയോസ്ദാദോ കാബെല്ലോ പറഞ്ഞു. പാശ്ചാത്യ പിന്തുണയുള്ള പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് ഇതില്‍ പങ്കുണ്ട്. പാശ്ചാത്യരുടെ സഹായത്തോടെ ലഹരി വില്‍പ്പന, തീവ്രവാദം, സായുധകലാപം എന്നിവ നടത്താനാണ് മച്ചാഡോ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റോക്കറ്റ് ലോഞ്ചറുമായി ഒരു രസതന്ത്രജ്ഞനെ കഴിഞ്ഞ ദിവസം കിഴക്കന്‍ വെനുസ്വേലയില്‍ പിടികൂടിയിരുന്നു. ഇയാള്‍ക്ക് യുഎസ് ഏജന്റുമാരുമായി ബന്ധമുള്ളതായി കണ്ടെത്തി. വെനുസ്വേലയിലെ ഒരു സിനഗോഗ് ആക്രമിച്ച് ഉത്തരവാദിത്തം ഇറാന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം നേരത്തെ പൊളിച്ചിരുന്നു.