വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു -കെയുഡബ്ല്യൂജെ

Update: 2026-01-02 08:11 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത മാടമ്പി ആണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയര്‍ത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാന്‍ പാടില്ലാത്തതാണ്. അദ്ദേഹത്തെ തിരുത്തിക്കാന്‍ അടുപ്പമുള്ള നേതാക്കളും കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന്റെ ചാലകശക്തിയായ എസ്എന്‍ഡിപി യോഗവും ഇനിയെങ്കിലും ശക്തമായി രംഗത്ത് വരേണ്ടതുണ്ട്.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കുന്ന വിധത്തിലുള്ള നിരന്തര പെരുമാറ്റം ജനാധിപത്യത്തിലും സൗഹൃദ സമൂഹത്തിലും വിശ്വസിക്കുന്ന കേരള ജനത അവജ്ഞാപൂര്‍വം തള്ളിക്കളയേണ്ടതുണ്ട്. വിശ്വമാനവികതയുടെ പ്രവാചകന്‍ ആയിരുന്ന ശ്രീ നാരായണ ഗുരുവില്‍ അല്പമെങ്കിലും വിശ്വാസം ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കടകവിരുദ്ധമായ വിഷലിപ്ത സമീപനത്തില്‍ വെള്ളാപ്പള്ളി മാപ്പ് പറയണം.

മാധ്യമങ്ങള്‍ അടക്കം എല്ലാവരും തങ്ങള്‍ പറയുന്നത് കണ്ണും പൂട്ടി കേട്ടു മടങ്ങണമെന്ന് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ധരിച്ചുവശാകുന്നത് ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. ജനങ്ങള്‍ക്കു വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. അതിനെ തട്ടിമാറ്റി മുന്നോട്ടുപോകാമെന്നു കരുതുന്നതു മൗഡ്യമാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.