''അയാള്‍ ഈരാറ്റുപേട്ടക്കാരനാണ്; എംഎസ്എഫാണ്, അവന്‍ തീവ്രവാദിയാണ്'': റിപോര്‍ട്ടര്‍ ചാനലിന്റെ പ്രതിനിധിക്കെതിരേ വെള്ളാപ്പള്ളി നടേശന്‍
കൊല്ലം: റിപോര്‍ട്ടര്‍ ടിവി ചാനലിലെ റിപോര്‍ട്ടറെ തീവ്രവാദിയെന്ന് വിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയോട് ചോദ്യം ഉന്നയിച്ച റഹീസ് റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. '' വന്ന ആള്‍ ഈരാറ്റുപേട്ടക്കാരനാണ്. എംഎസ്എഫാണ്. അവന്‍ തീവ്രവാദിയാണ്. മുസ്‌ലിംകളുടെ വലിയ വക്താവാണ്. അവനെ ആരോ പറഞ്ഞ് അയച്ചതാണ്....''-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
തന്നോട് മര്യാദയില്ലാതെയാണ് മാധ്യമപ്രവര്‍ത്തകന്‍ ഇടപെട്ടതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഞാന്‍ ഇത്രയും പ്രായമുള്ള ആളാണ്. സംസാരിക്കുമ്പോള്‍ മര്യാദ കാണിക്കണ്ടേ, പ്രതിനിധികളോട് അവര്‍ മര്യാദ കാണിക്കണ്ടേ, മൈക്ക് തട്ടി മാറ്റി എന്നത് സത്യമാണ്. ഈ ചാനല്‍ എന്റെ ചോരകുടിക്കുന്നു, അവര്‍ ആത്മപരിശോധന നടത്തട്ടെ....ചില സത്യങ്ങള്‍ പറഞ്ഞാല്‍ മതവിദ്വേഷം ഉണ്ടാക്കാനണ് ശ്രമം.''-വെള്ളാപ്പള്ളി പറഞ്ഞു. തീവ്രവാദ ബന്ധമുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്ന് ചോദിച്ചപ്പോള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വെള്ളാപ്പള്ളി മറുപടി പറഞ്ഞു.
മലപ്പുറത്ത് എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാ എന്ന് പറഞ്ഞതില്‍ എന്താണ് ഇത്രയും വലിയ പ്രശ്‌നമെന്നും വെള്ളാപ്പള്ളി ചോദിച്ചു. '' ഞാന്‍ കണക്കുവച്ചാണ് പറഞ്ഞത്. ഞങ്ങള്‍ക്ക് സ്ഥാപനം ഉണ്ടെന്ന് കാന്തപുരം പറഞ്ഞു. അതേ, ഒരു അണ്‍ എയ്ഡഡ് കോളജ് ഉണ്ട്. ലീഗുകാര്‍ക്ക് 48 അണ്‍ എയ്ഡഡ് കോളജുകളുണ്ട്. പതിനേഴ് എയ്ഡഡ് കോളജുകളുണ്ട്. ഞാന്‍ അവരെയും വെല്ലുവിളിക്കുന്നു. ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ലീഗ് ആത്മപരിശോധന നടത്തണം. പകരം എന്നെ മതവിദ്വേഷിയാക്കി.....മുസ്‌ലിം സമൂഹത്തെ മുഴുവന്‍ ഈഴവ സമുദായത്തിന് എതിരാക്കാന്‍ ശ്രമം നടക്കുകയാണ്.''-വെള്ളാപ്പള്ളി നടേശന്‍ വിശദീകരിച്ചു.
