കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാര്‍: വി ഡി സതീശന്‍
കൊച്ചി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്തൊരു അവസ്ഥയാണിത്? ഒരു മകനെയാണ് സര്‍ക്കാര്‍ അനാസ്ഥയില്‍ നഷ്ടപ്പെട്ടത്. വിദ്യാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പുംമെന്ന് വി ഡി സതീശന്‍ ചോദിച്ചു.
അഞ്ചു വര്‍ഷം മുന്‍പാണ് വയനാട്ടില്‍ പത്തു വയസുകാരി ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ചത്. ഇന്ന് മറ്റൊരു കുഞ്ഞ് വൈദ്യുതാഘാതമേറ്റും. എന്ത് സുരക്ഷയാണ് നമ്മുടെ സ്‌കൂളുകളിലുള്ളത്? ഇനിയെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറാകണം. ക്ലാസ് മുറിയില്‍ പത്തു വയസുകാരി പാമ്പു കടിയേറ്റ് മരിച്ചപ്പോള്‍ ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നതാണ്. എന്നിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നസ് ലഭിച്ചത്? സിപിഎം നേതൃത്വത്തിലുള്ള സ്‌കൂള്‍ ആയതു കൊണ്ടാണോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? അതോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണോ സ്‌കൂള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മാനേജ്മെന്റിന്റെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. സ്‌കൂള്‍ മാനേജര്‍ക്കൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ് എന്നിവര്‍ക്കും ഈ മരണത്തില്‍ തുല്യഉത്തരവാദിത്വമാണെന്നും ഉത്തരവാദികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
