''വൃത്തികേട് കാണിക്കുന്ന ഒരുത്തനും കാക്കിയിട്ട് നടക്കില്ല'': കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ചതില്‍ വി ഡി സതീശന്‍
തിരുവനന്തപുരം: കെഎസ് യു നേതാക്കളെ കൈയാമംവെച്ച് തലയില്‍ കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ പോലിസ് നടപടിയില്‍ രൂക്ഷപ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍. സംഭവത്തില്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'കെഎസ് യു നേതാക്കളെ കൈയാമംവെച്ച് തലയില്‍ കറുത്ത തുണിയിട്ടാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. അവര് തീവ്രവാദികളാണോ? കൊടും കുറ്റവാളികളാണോ? കേരളത്തിലെ പോലിസ് എവിടേക്കാണ് പോകുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ സേനയില്‍ ഉണ്ട്. എല്ലാ വൃത്തികേടുകള്‍ക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് പാര്‍ട്ടി സംരക്ഷണം കൊടുക്കുന്നതുകൊണ്ടാണ്. പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടാണ് കെഎസ് യുക്കാരെ, കള്ളക്കേസില്‍ കുടുക്കി തീവ്രവാദികളേയും കൊടും ക്രിമിനലുകളേയും പോലെ കൊണ്ടുവന്നത്. എന്തു നീതിയാണ് കേരളത്തില്‍ നടപ്പിലാകുന്നത്?'-അദ്ദേഹം ചോദിച്ചു.
''രാജാവിനേക്കാള്‍ രാജഭക്തികാണിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചെവിയില്‍ നുള്ളിക്കോ, പണ്ടൊക്കെ ഞങ്ങള്‍ പൊറുക്കുകയായിരുന്നു. ഇനി എല്ലാം ഓര്‍ത്തുവെക്കും. വൃത്തികേട് കാണിക്കുന്ന ഒറ്റ ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ല. അത്രമാസം തോന്നിവാസവും അസംബന്ധവുമാണ് ഇവര്‍ കാണിക്കുന്നത്. വിദ്യാര്‍ഥിനേതാക്കന്മാരെ തലയില്‍ തുണിയിട്ട് തീവ്രവാദികളെ പോലെ കൊണ്ടുവരുന്ന കാടത്തം എവിടെയാണുള്ളത്. എവിടെയാണ് മുഖ്യമന്ത്രി? എത്ര സംഭവങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നു. ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തലപൂഴ്ത്തി നില്‍ക്കുന്നു. ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല ഈ മൗനം. സംസാരിക്കാന്‍ ഭയമാണ്. നിങ്ങളുടെ വകുപ്പിലാണ് മുഖ്യമന്ത്രീ ഈ തോന്ന്യാസം മുഴുവന്‍ നടക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത വൃത്തികേടുകള്‍ കേരളത്തില്‍ പോലിസിന്റെ പേരില്‍ അരാജകത്വവും അധിക്രമവും നടക്കുന്നത്. കേരളത്തിലെ പോലിസിനെ തീവ്രവാദികളെ പോലെയാക്കി മാറ്റി. പാര്‍ട്ടിക്കാരുടെ തോന്നിവാസത്തിന് കൂട്ടുനില്‍ക്കാന്‍ കേരളാ പോലിസിനെ തകര്‍ത്ത് തരിപ്പണമാക്കി. ഇതിന് നിങ്ങളെക്കൊണ്ട് നിങ്ങളെ ഉത്തരം പറയിപ്പിക്കും'' വി ഡി സതീശന്‍ പറഞ്ഞു.
