യോഗി സര്‍ക്കാരിനെതിരേ വീണ്ടും പരസ്യവിമര്‍ശനവുമായി വരുണ്‍ ഗാന്ധി

ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണ്, അവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ആരും തയ്യാറല്ല. വരുണ്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മക്കള്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു

Update: 2021-12-06 03:20 GMT

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വീണ്ടും പരസ്യവിമര്‍ശനമുന്നയിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. അധ്യാപക നിയമന പരീക്ഷയില്‍ അട്ടിമറിനടന്നതായി ആരോപിച്ച് പ്രകടനം നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തിലാണ് വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. യോഗ്യരായ ഉദ്യോഗാര്‍ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടായിട്ടും എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണ്, അവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ആരും തയ്യാറല്ല. വരുണ്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മക്കള്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. 69,000 അധ്യാപകരെ നിയമിക്കുന്നതിനായി 2019ല്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. സെന്‍ട്രല്‍ ലക്‌നൗവില്‍ നിന്നും യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിന് നേരെയാണ് പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പോലിസ് നടപടിക്കെതിരേ പ്രതിപക്ഷ നേതാക്കളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ലാത്തിച്ചാര്‍ജിനെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അപലപിച്ചു. ബിജെപി വോട്ട് ചോദിച്ചുവരുമ്പോള്‍ ഇതെല്ലാം ഓര്‍ത്തിരിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. യോഗിക്കെതിരേ നിരന്തരമായി പരസ്യവിമര്‍ശനമുന്നയിക്കുന്ന വരുണ്‍ ഗാന്ധിക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം യുപിയിലെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

Tags:    

Similar News