''രാമായണം എഴുതുന്നതിനു മുമ്പ് വാല്‍മീകി കുറ്റകൃത്യങ്ങളുടെ ജീവിതം നയിച്ചു; സമൂഹത്തിന് കുറ്റവാളികളെ പരിഷ്‌കരിക്കാന്‍ കഴിയും''-ഹൈക്കോടതി
കൊച്ചി: ഇന്ത്യന്‍ ക്രിമിനല്‍ നിയമശാസ്ത്രം ശിക്ഷയുടെ മാത്രമല്ല പരിഷ്‌കരണത്തിന്റേതുമാണെന്ന് ഹൈക്കോടതി. സാമ്പത്തിക ബുദ്ധിമുട്ട്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാത്തത്, തൊഴിലില്ലായ്മ, പ്രവര്‍ത്തനരഹിതമായ കുടുംബാന്തരീക്ഷം, പരിഹരിക്കപ്പെടാത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ ബാഹ്യ ഘടകങ്ങള്‍ ഒരു വ്യക്തിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഫോര്‍ട്ട് കൊച്ചി പോലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പേരും ഫോട്ടോയും ഉള്ള ഒരാള്‍ സമര്‍പ്പിച്ച ഹരജിയിലെ വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. എട്ട് വര്‍ഷത്തിലേറെയായി താന്‍ ഒരു കുറ്റകൃത്യത്തിലും പ്രതിയായിട്ടില്ലെന്നും ഇപ്പോള്‍ മാനസാന്തരപ്പെട്ടയാളാണെന്നും വാദിച്ചാണ് യുവാവ് ഹരജി നല്‍കിയത്. അതിനാല്‍ തന്റെ വിവരങ്ങള്‍ റൗഡി ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. തന്റെ സ്ഥിരമായ ജോലി, മെച്ചപ്പെട്ട സൗഹൃദവലയം, ദേവാലയത്തിലേക്കുള്ള പതിവ് സന്ദര്‍ശനങ്ങള്‍ എന്നിവ ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍ സമൂഹം ഒരു പങ്കു വഹിക്കുന്നതിനാല്‍, അവരുടെ പരിഷ്‌കരണത്തിലും സമൂഹം ഒരു പ്രധാന പങ്ക് വഹിക്കുന്നതായി കോടതി പറഞ്ഞു.
'ഹിന്ദു പുരാണമനുസരിച്ച്, 'രാമായണം' എഴുതിയത് വാല്മീകിയാണ്. ഹിന്ദു പുരാണങ്ങളിലെ ഏറ്റവും ആദരണീയനായ ഋഷിമാരില്‍ ഒരാളായ വാല്മീകി, യഥാര്‍ത്ഥത്തില്‍ വനവാസിയായിരുന്നു, കുടുംബം പോറ്റാന്‍ കാട്ടില്‍ യാത്രക്കാരെ കൊള്ളയടിച്ചുകൊണ്ട് കുറ്റകൃത്യങ്ങള്‍ ചെയ്തു ജീവിച്ചു. 'സപ്തഋഷിമാരെ' (ഏഴ് ഋഷിമാര്‍) കണ്ടുമുട്ടുകയും അവരുടെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്ത ശേഷം, അദ്ദേഹം പരിഷ്‌കരിക്കുകയും തുടര്‍ന്ന് 'രാമായണം' എന്ന മഹാകാവ്യം എഴുതുകയും ചെയ്തുവെന്ന് പുരാണ കഥ പറയുന്നു. ഒരു കുറ്റവാളി എപ്പോഴും കുറ്റവാളിയായിരിക്കുമെന്നും ഒരു ഗുണ്ട എപ്പോഴും ഗുണ്ടയായിരിക്കുമെന്നും പറയാനാവില്ല. ''-കോടതി പറഞ്ഞു.തുടര്‍ന്ന് ഹരജിക്കാരന്റെ പേര് റൗഡി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു.
