ബൈക്കിന്റെ വേഗതയെ ചൊല്ലി സംഘര്‍ഷം; പ്രതികളുടെ മതം കാണിച്ച് റിപോര്‍ട്ട് നല്‍കി പോലിസ്

Update: 2025-09-13 13:55 GMT

വളയം(കോഴിക്കോട്): ബൈക്കിന്റെ അമിതവേഗവുമായി ബന്ധപ്പെട്ട് ഓണദിവസത്തിലുണ്ടായ സംഘര്‍ഷത്തില്‍ വളയം പോലിസ് മതം ഉപയോഗിച്ചതില്‍ വ്യാപക പ്രതിഷേധം. ആക്രമിച്ചവര്‍ മുസ്‌ലിംകളും പരാതിക്കാര്‍ ഹിന്ദുക്കളാണെന്നും പറഞ്ഞ് വളയം പോലിസ് നാദാപുരം കോടതിയില്‍ റിപോര്‍ട്ട് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് വളയത്തെ ഹിന്ദുക്കള്‍ പ്രതിഷേധത്തിലാണെന്നും സ്ഥിരമായി വര്‍ഗീയ സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് വളയമെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പോലിസ് ആവശ്യപ്പെട്ടു.

ഇതിനെതിരെ നാളെ യുഡിഎഫ് നേതൃത്വത്തില്‍ നാളെ വളയം പോലിസ് സ്‌റ്റേഷനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ഞായറാഴ്ച്ച രാവിലെ 10മണിക്കാണ് ധര്‍ണ. രാവിലെ 9.30ന് വളയം ടൗണ്‍ ലീഗ് ഓഫീസ് പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും. വളയത്ത് യാദൃച്ഛികമായി നടന്ന വ്യക്തിപരമായ അക്രമത്തിലെ കക്ഷികള്‍ ഹിന്ദുക്കളും മുസ്‌ലിംകളും ആയതിനാല്‍ പോലിസ് അതിനെ വര്‍ഗീയമായ രീതിയില്‍ ചിത്രീകരിച്ചെന്നും അത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണനും കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും പ്രസ്താവനയില്‍ പറഞ്ഞു. സമൂഹത്തില്‍ ചേരി തിരിവ് സൃഷ്ടിക്കുന്ന ഇത്തരം നടപടികള്‍ക്ക് ഉത്തരവാദികളായ വളയം സ്റ്റേഷനിലെ പോലിസുകാര്‍ക്കെതിരെ 153(എ) വകുപ്പ് പ്രകാരം കേസ് എടുത്ത് ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.