ശഹീദ് വക്കം അബ്ദുല്‍ ഖാദര്‍ അനുസ്മരണം സെപ്റ്റംബര്‍ 10ന്

Update: 2025-09-08 11:47 GMT

തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ശഹീദ് വക്കം അബ്ദുല്‍ ഖാദറിന്റെ ജീവിതം സന്ദേശം എന്നിവ അനുസ്മരിച്ച് സെപ്റ്റംബര്‍ 10 ബുധനാഴ്ച്ച പ്രസ്സ് ക്ലബ്ബില്‍ വെച്ച് സമ്മേളനം നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മാന്നാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശഹീദ് വക്കം അബ്ദുല്‍ ഖാദര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ പോലും അര്‍പ്പിച്ച മഹാനായ വ്യക്തിയായിരുന്നു. അദ്ദേഹം ബ്രിട്ടീഷുകാരുടെ തടവറകളില്‍ കഴിഞ്ഞ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറയ്ക്ക് പ്രചോദനമാകേണ്ടതാണ്. മതേതരത്വം, ദേശീയത, മനുഷ്യസ്‌നേഹം എന്നിവയെ ആധാരമാക്കി അദ്ദേഹം ജീവിതമുടനീളം പ്രവര്‍ത്തിച്ചു. രാജ്യചരിത്രത്തില്‍ നിന്ന് മുസ്‌ലിംകളെ വെട്ടിമാറ്റുന്ന ഈ സാഹചര്യത്തില്‍ ഇത്തരം അനുസ്മരണങ്ങള്‍ അനിവാര്യമാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 82ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണ സമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ്, വക്കം അബ്ദുല്‍ ഖാദറിന്റെ സഹോദര പുത്രന്‍ ഫാമി എ ആര്‍, കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, മുസ്ലിം കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ കായിക്കര ബാബു, ഗ്രന്ഥകര്‍ത്താവ് ജമാല്‍ മുഹമ്മദ്, ഗ്രന്ഥകര്‍ത്താവ് എ എം നദവി, ആക്റ്റിവിസിറ്റ് എ എസ് അജിത് കുമാര്‍, ആക്റ്റിവിസിറ്റ് വിനീത വിജയന്‍, ആക്റ്റിവിസിറ്റ് ജി രഘു, ജനതാദള്‍ ജില്ലാ പ്രസിഡന്റ് മണനാക്ക് അഡ്വ. ഫിറോസ് ലാല്‍. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ശിഹാബുദീന്‍ മാന്നാനി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി സലിം കരമന, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാദ് കണ്ടള വിവിധ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി, ജില്ലാ സെക്രട്ടറി, സിയാദ് തോളിക്കോട് എന്നിവര്‍ പങ്കെടുത്തു.