''പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ പ്രശ്നങ്ങള്‍''; വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി. വൈഷ്ണയുടെ പേര് ഒഴിവാക്കിയത് അനീതിയാണ്. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയിരിക്കുന്നു. അതിനാല്‍ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങളെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് നവംബര്‍ 19നകം വൈഷ്ണയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചു.
സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മാണ് പരാതി നല്‍കിയിരുന്നത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു.