പ്രദേശത്ത് മഞ്ഞപ്പിത്തം; വടകരയില്‍ ആശുപത്രി അടച്ചുപൂട്ടാന്‍ നിര്‍ദേശം

Update: 2025-03-21 12:20 GMT

വടകര: പരിസരത്തെ വീടുകളിലെ കിണറുകളില്‍ അമോണിയവും കോളിഫോം ബാക്ടീരിയയും നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തവും റിപോര്‍ട്ട് ചെയ്തതിനാല്‍ വടകരയിലെ സിഎം ആശുപത്രി അടച്ചുപൂട്ടാന്‍ വടകര നഗരസഭ ആരോഗ്യ വകുപ്പ് നോട്ടിസ് നല്‍കി. വീട്ടുകാര്‍ കിണറുകളിലെ വെള്ളം പരിശോധനക്കയച്ചപ്പോഴാണ് അമോണിയത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതായും കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യവും കണ്ടെത്തിയത്. കൂടാതെ ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേര്‍ക്കാണ് മഞ്ഞപ്പിത്തവും വന്നു.

കുടുംബങ്ങള്‍ നഗരസഭക്ക് നല്‍കിയ പരാതിയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആശുപത്രിയിലെ മലിനീകരണ പ്ലാന്റില്‍ നിന്നും പൈപ്പ് വഴി മലിന ജലം ഒഴുക്കുന്നതായി കണ്ടെത്തി. ആശുപത്രിയുടെ മുന്‍വശത്തുള്ള ഫാര്‍മസിയുടെ മുമ്പില്‍ സ്ലാബിട്ട് ടൈല്‍ പാകിയതിനുള്ളില്‍ ഒരു കിണര്‍ കണ്ടെത്തിയിരുന്നു. കിണറിലെ വെള്ളം ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ രോഗികളെ മാറ്റി മതിയായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളൊരുക്കാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതുവരെ മാലിന്യം നീക്കാന്‍ കഴിഞ്ഞിട്ടില്ല.