കസ്റ്റഡിയില്‍ എടുത്ത യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം; വടകര ഡിവൈഎസ്പിക്കെതിരെ അന്വേഷണ റിപോര്‍ട്ട്

Update: 2025-11-29 10:13 GMT

പാലക്കാട്: അനാശാസ്യക്കേസില്‍ പിടികൂടിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി എ ഉമേഷിനെതിരെ അന്വേഷണ റിപോര്‍ട്ട്. ഉമേഷിനെതിരെ നടപടി ശുപാര്‍ശചെയ്ത് പാലക്കാട് ജില്ലാ പോലിസ് മേധാവി അജിത് കുമാര്‍ ഐപിഎസ് റിപോര്‍ട്ട് സമര്‍പ്പിച്ചു. കേസെടുത്ത് അന്വേഷണം നടത്താന്‍ ഇനി ഡിജിപിയാണ് ഉത്തരവിടേണ്ടത്. ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ബിനുതോമസ് നവംബര്‍ പതിനഞ്ചിന് ആത്മഹത്യ ചെയ്തിരുന്നു. ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈ പീഡനത്തെ കുറിച്ച് ആരോപണമുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ യുവതി പോലിസില്‍ പരാതിയും നല്‍കി. 2014ല്‍ പീഡനം നടന്നുവെന്നാണ് പരാതി പറയുന്നത്.

വടക്കഞ്ചേരിയില്‍ ബിനുതോമസ് എസ്ഐയും ഉമേഷ് സിഐയും ആയിരുന്ന 2014ല്‍ പീഡനം നടന്നുവെന്നാണ് ആരോപണം. 2014ല്‍ അനാശാസ്യത്തിന് പിടിയിലായ യുവതിയെ അന്ന് സിഐ ആയിരുന്ന ഉമേഷ് പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ബിനു തോമസിന്റെ സഹായത്തോടെയാണ് ഉമേഷ് പീഡിപ്പിച്ചതെന്നാണ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്തവരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നും കേസെടുക്കാതെ വിട്ടയച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. പോലിസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്നത് ബലാല്‍സംഗക്കേസുകളില്‍ തന്നെ ഏറ്റവും ഗൗരവമേറിയ കാര്യമാണ്. കടുത്ത ശിക്ഷയാണ് ഇത്തരത്തില്‍ അധികാരം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് നിയമം വിഭാവനം ചെയ്തിരിക്കുന്നത്.