വി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Update: 2025-06-27 16:20 GMT
വി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഐഎച്ച്ആര്‍ഡി താത്കാലിക ഡയറക്ടറായി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ നിയമിച്ചതില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസിന്റെ ഹരജിയിലാണ് ഉത്തരവ്.

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി സര്‍വകലാശാല വിസിക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. അരുണ്‍ കുമാറിന് ആ യോഗ്യത ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 2018ലെ യുജിസി മാനദണ്ഡപ്രകാരം ഏഴു വര്‍ഷത്തെ അധ്യാപന പരിചയം ഈ പദവിയിലെത്താന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം നല്‍കിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയിരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യം തീര്‍ത്തും വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത്. ഇതിനെ ചോദ്യം ചെയ്ത ഒരു കേസില്‍ അരുണ്‍കുമാറിനെ തിരുവനന്തപുരത്തെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

Similar News