വി കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' പുസ്തക പ്രകാശനം ഇന്ന്
കണ്ണൂര്‍: വി കുഞ്ഞികൃഷ്ണന്‍ എഴുതിയ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുക. ജോസഫ് സി മാത്യു, ഡോ. വി.എസ് അനില്‍കുമാറിന് നല്‍കി പ്രകാശനം നിര്‍വഹിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ധനരാജ് രക്തസാക്ഷി ഫണ്ട് അടക്കമുള്ള വിഷയങ്ങളില്‍ നടന്ന സാമ്പത്തിക തിരിമറി സംബന്ധിച്ച വിശദാംശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി.ഐ മധുസൂദനന്‍ എംഎല്‍എക്കെതിരായ ഗുരുതര പരാമര്‍ശങ്ങളും സംഘടനയിലെ വിഭാഗീയതയും പുസ്തകത്തില്‍ കുഞ്ഞികൃഷ്ണന്‍ തുറന്ന് എഴുതിയിട്ടുണ്ട്.
അതിനിടെ, ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങള്‍ പുസ്തക പ്രകാശനത്തിന് മുന്‍പ് പുറത്തുവിടണമെന്ന വി കുഞ്ഞികൃഷ്ണന്റെ വെല്ലുവിളി സിപിഎം തള്ളിയിരുന്നു. പയ്യന്നൂരിലെ രക്തസാക്ഷി ധനരാജിന്റെ കുടുംബ സഹായ ഫണ്ടില്‍ തിരിമറി നടത്തി എന്ന കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ സിപിഎം നേതൃത്വം തള്ളിയിരുന്നു. പൊതു സമൂഹത്തിന് മുന്നില്‍ ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന പതിവില്ല എന്ന് വാദിച്ചിരുന്ന നേതൃത്വം ഇപ്പോള്‍ നിലപാട് തിരുത്തിയിട്ടുണ്ട്. പുസ്തകത്തിലെ വിശദാശങ്ങള്‍ അറിഞ്ഞ ശേഷം കണക്ക് പുറത്തുവിടുമെന്ന് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ ആണ് കുഞ്ഞികൃഷ്ണന്റെ വെല്ലുവിളി വന്നത്.
