വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഎം വിരുദ്ധരുടെ ഒത്തുചേരല്‍: കെ കെ രാഗേഷ്

Update: 2026-02-07 04:07 GMT

കണ്ണൂര്‍: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പരിപാടി സംഘടിപ്പിച്ചതിന്റെ ലക്ഷ്യം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവും. ജോസഫ് സി മാത്യൂ തങ്ങളെ ഉപദേശിച്ച് നന്നാക്കാന്‍ വരേണ്ട. അയാളുടെ ഉപദേശം ആവശ്യമില്ല. ജോസഫ് സി മാത്യൂ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ഏതോ പഴയ സിപിഎം നേതാവ് പറയുന്നതുപോലെയാണ് തോന്നിയതെന്നും കെ കെ രാഗേഷ് പരിഹസിച്ചു. പാര്‍ട്ടിയെ ഉപദേശിച്ച് നന്നാക്കാന്‍ വേണ്ടി പുറപ്പെട്ട ആര്‍എംപിക്കാര്‍ ഉള്‍പ്പെട്ട സിപിഎം വിരുദ്ധരുടെ പരിപാടിയാണ് പയ്യന്നൂരില്‍ സംഘടിപ്പിച്ചത്. ഇടതുപക്ഷ ലേബല്‍ അണിയുന്നവര്‍ ആണ് പരിപാടിക്ക് എത്തിയതെന്നും രാഗേഷ് പറഞ്ഞു.

ടി ഐ മദുസൂധനനെ വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ളതാണ് വി കുഞ്ഞികൃഷ്ണന്റേതായി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത പുസ്തകം. മധുസൂദനനോടുള്ള പകമൂത്ത് അന്ധത ബാധിച്ച വിധത്തിലാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും കൂടിയാലോചിച്ചാണ് കെ പി മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. രക്തസാക്ഷി ഫണ്ട് അല്ല കുഞ്ഞികൃഷ്ണന്റെ പ്രശ്നം. മധുസൂദനനോടുള്ള പക വളര്‍ന്നു. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയില്‍ പറഞ്ഞത് എല്ലാം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ചിലത് അംഗീകരിച്ചിട്ടുണ്ട്. പാര്‍ട്ടി നിയോഗിച്ച ഓഡിറ്റര്‍മാര്‍ കുഞ്ഞികൃഷ്ണന്റെ കണക്ക് ശരിയല്ല എന്ന് പറഞ്ഞു. 91 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നത് കുഞ്ഞികൃഷ്ണന്റെ ഭാവനാ വിലാസം മാത്രമാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി.

ഫണ്ട് സംബന്ധിച്ചുള്ള കണക്ക് മാധ്യമങ്ങളോട് പറയില്ല എന്നാണ് താന്‍ കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജനങ്ങളോട് പറയില്ല എന്നല്ല. ധന്‍രാജ് രക്തസാക്ഷി ഫണ്ട് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും സഹകരണ ജീവനക്കാരില്‍ നിന്നുമാണ് പിരിച്ചത്. ബഹുജനങ്ങളില്‍ നിന്ന് പിരിച്ചിട്ടില്ല. വരവുചെലവ് കണക്ക് ഏരിയാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ജില്ലാ സെക്രട്ടറി വിചാരിച്ചാല്‍ കണക്ക് മാറ്റി എഴുതാന്‍ കഴിയുമോ? പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരോട് കണക്ക് അവതരിപ്പിക്കും. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങളെ പാര്‍ട്ടിക്ക് അറിയാം. സമയബന്ധിതമായി കണക്ക് അവതരിപ്പിക്കപ്പെട്ടിരുന്നില്ല. അതിനാണ് നടപടിയെടുത്തത്. അത് കുഞ്ഞികൃഷ്ണന് തൃപ്തിയായിരുന്നില്ല. മധുസൂദനനെ ശരിപ്പെടുത്തണം എന്നാണ് ആവശ്യം. 'പകയുടെ കണക്ക് പുസ്തകം' എന്നാണ് പുസ്തകത്തിന് പേരിടേണ്ടിയിരുന്നതെന്നും കെ കെ രാഗേഷ് കടന്നാക്രമിച്ചു.