പീഡനക്കേസില്‍ ആരോപണ വിധേയനായ വയോധികന്റെ വീട് പൊളിക്കുന്നതിന് സ്റ്റേ

Update: 2025-12-16 08:46 GMT

നൈനിത്താള്‍: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ 73കാരന്റെ വീട് പൊളിക്കാനുള്ള അധികൃതരുടെ നീക്കം ഹൈക്കോടതി തടഞ്ഞു. ആരോപണവിധേയനായ ഉസ്മാന്‍ ഖാന്‍ എന്നയാളുടെ ഭാര്യ ഹുസ്‌നു ബീഗം നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വീട് ഒഴിയണമെന്നും പൊളിക്കാന്‍ പോവുകയാണെന്നും ചൂണ്ടിക്കാട്ടി ജില്ലാ വികസന അതോറിറ്റി നല്‍കിയ നോട്ടിസിനെ ചോദ്യം ചെയ്താണ് ഹുസ്‌നു ബീഗം കോടതിയെ സമീപിച്ചത്. പ്രദേശത്ത് സമാനമായ നിര്‍മാണങ്ങള്‍ ധാരാളമുണ്ടെന്നും തന്റെ വീട് മാത്രം എന്തുകൊണ്ടാണ് പൊളിക്കുന്നതെന്നും ഹരജിക്കാരി ചോദിച്ചു. എന്നാല്‍, നിയമവിരുദ്ധ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് അതോറിറ്റി വാദിച്ചു. തുടര്‍ന്നാണ് പൊളിക്കല്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

2025 ഏപ്രില്‍ 30നാണ് ഒരു സ്ത്രീ നൈനിത്താളിലെ മാലിതാല്‍ പോലിസ് സ്‌റ്റേഷനിലെത്തി മകള്‍ പീഡിപ്പിക്കപ്പെട്ടെന്ന് പരാതി നല്‍കിയത്. കരാറുകാരനായ ഉസ്മാന്‍ ഖാനാണ് പ്രതിയെന്നും പരാതിയില്‍ ആരോപണമുണ്ടായിരുന്നു. ഈ കേസിന്റെ വാര്‍ത്ത പരന്നതോടെ ആള്‍ക്കൂട്ടം അയാളുടെ വീടിന് മുന്നിലെത്തി. ഉസ്മാന്‍ ഖാനെ വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പ്രദേശത്ത് മുസ്‌ലിംകളുടെ കടകള്‍ക്ക് തീയിട്ടു. കൊള്ളയും കൊള്ളിവയ്പും നടത്തുന്നതിനിടെ ജമാ മസ്ജിദും ആക്രമിച്ചു.

ഏതാനും ദിവസത്തിന് ശേഷം കേസിലെ പ്രധാന സാക്ഷിയായി പോലിസ് അവതരിപ്പിച്ച യുവതി മൊഴി മാറ്റി. തന്നെ സമ്മര്‍ദ്ദപ്പെടുത്തിയാണ് മൊഴി പറയിപ്പിച്ചതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. സ്വാതി പരിഹാര്‍ എന്ന അഭിഭാഷകനുമായി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സൗഹൃദമുണ്ടെന്നും അയാളും സംഘവുമാണ് കേസിന് പിന്നിലെന്നും യുവതി വിശദീകരിച്ചു.

സര്‍ക്കാരില്‍ നിന്ന് കരാറുകള്‍ എടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണ് ഉസ്മാന്‍ ഖാനെന്ന് കുടുംബം അറിയിച്ചു. എതിരാളികളായ കരാറുകാരാണ് കേസിന് പിന്നിലെന്നും അവര്‍ അറിയിച്ചു. ബിജെപി നേതാവ് ഗോപാല്‍ റാവത്തും കരാറുകാരനായ അരവിന്ദ് പതിയാലുമാണ് കേസിന് പിന്നിലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബലാല്‍സംഗക്കേസുകള്‍ രാജ്യത്തെമ്പാടും രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇവിടെ സമുദായ അംഗങ്ങളുടെ വീടുകളും കടകളും ആക്രമിക്കപ്പെട്ടെന്ന് പ്രദേശത്ത് ചായക്കട നടത്തുന്ന അഹമദ് അന്‍സാരി പറഞ്ഞു.