ഡെറാഡൂണ്‍: ജിം ട്രെയ്‌നറായ വസീം ഖുറൈശിയെ തല്ലിക്കൊന്ന് കുളത്തില്‍ ഇട്ട പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അവിനാശ് കുമാര്‍ ശ്രീവാസ്തവ ഉത്തരവിട്ടു. എസ്എച്ച്ഒ ശരദ് സിങ്, കോണ്‍സ്റ്റബിള്‍മാരായ സുനില്‍ സൈനി, പ്രവീണ്‍ സൈനി അടക്കം ആറു പേര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. 2024 ആഗസ്റ്റ് 24-25 രാത്രിയാണ് പോലിസ് സംഘം വസീം ഖുറൈശിയെ കൊന്നത്.
എന്നാല്‍, സ്‌കൂട്ടി ഓടിച്ചുവന്ന വസീം പോലിസിന്റെ പരിശോധന കണ്ട് നിയന്ത്രണം വിട്ട് വീണു എന്നാണ് പോലിസ് പറഞ്ഞിരുന്നത്. വസീം ഓടിപ്പോയെന്നും സ്‌കൂട്ടിയില്‍ ബീഫ് കണ്ടെത്തിയെന്നും പോലിസ് പറഞ്ഞു. പിന്നീട് കുളത്തില്‍ നിന്നും വസീമിന്റെ മൃതദേഹം കിട്ടിയെന്നും പോലിസുകാര്‍ വാദിച്ചു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വസീമിന് മര്‍ദ്ദനമേറ്റിരുന്നതായി കണ്ടെത്തി.
ജിം ട്രെയ്‌നറായ വസീം ആഗസ്റ്റ് 24-25 രാത്രി സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുമ്പോഴാണ് മധോപൂര്‍ ഗ്രാമത്തിലെ കുളത്തിന് സമീപത്ത് നിന്ന് പോലിസ് സംഘം പിടികൂടിയതെന്ന് കുടുംബം കോടതിയെ അറിയിച്ചു. പോലിസുകാര്‍ വസീമിനെ വടികൊണ്ടും മറ്റും മര്‍ദ്ദിച്ച ശേഷം കുളത്തിലേക്ക് എറിയുകയായിരുന്നു. കരയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും പോലിസുകാര്‍ സമ്മതിച്ചില്ല. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പോലിസുകാര്‍ അവരെ തടഞ്ഞു. വസീമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതെല്ലാം പരിഗണിച്ചാണ് പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഹരിദ്വാര്‍ കോടതി ഉത്തരവിട്ടത്.
''മരിച്ച വസീമിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഹരജിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ മരണത്തിന് മുമ്പ് വസീമിന്റെ ശരീരത്തില്‍ ആറ് മുറിവുകള്‍ ഉണ്ടായെന്ന് പറയുന്നുണ്ട്. മരിച്ച വസീമിനെ കുളത്തിലേക്ക് എറിയുന്നതിന് മുമ്പ് വളരെ മോശമായി മര്‍ദ്ദിച്ചതായി ഇത് വ്യക്തമാക്കുന്നു. സംഭവം നടന്ന സമയത്ത് എതിര്‍ കക്ഷികളായ പോലിസുകാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പോലിസ് അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.''- കോടതി പറഞ്ഞു.
മുസ് ലിം ആയതിനാല്‍ പോലിസുകാര്‍ വസീമിനെ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ബന്ധുവായ അലാവുദ്ദീന്‍ ഖുറൈശി പറഞ്ഞു. നീതിക്കായി നടന്നതിന് അലാവുദ്ദീനെതിരെയും പോലിസ് കേസെടുത്തു.
''പോലിസ് ഞങ്ങളുടെ മേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പക്ഷേ ദൈവകൃപയാല്‍, കേസ് നേരിടാനുള്ള ധൈര്യം ഞങ്ങള്‍ കൈവിട്ടില്ല. എനിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍, ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഞങ്ങളുടെ പരാതിയില്‍ പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ല. പരാതിയുമായി ഞങ്ങള്‍ പോലീസില്‍ പോകുമ്പോഴെല്ലാം, അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും വസീമിന്റെ പിതാവിന്റെ താടി മുറിക്കുന്നതിനെക്കുറിച്ച് പറയുകയും ചെയ്തു''- അലാവുദ്ദീന്‍ പറഞ്ഞു.

