ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഹിന്ദുത്വര്‍; പുസ്തകമേള റദ്ദാക്കി
ഡെറാഡൂണ്‍: രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന ഹിന്ദുത്വരുടെ ഭീഷണിയെ തുടര്‍ന്ന് ഉത്തരാഖണ്ഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പുസ്തക മേള റദ്ദാക്കി. 'കിതാബ് കൗതിക്' എന്ന പേരില്‍ ഗേള്‍സ് ഇന്റര്‍ കോളജില്‍ നടത്താനിരുന്ന പുസ്തക മേളയാണ് റദ്ദാക്കിയിരിക്കുന്നത്. പുസ്തക മേള നടത്താന്‍ സ്‌കൂള്‍ കെട്ടിടം ഉപയോഗിക്കാന്‍ ആദ്യം അധികൃതര്‍ അനുമതി നല്‍കിയിരുന്നുവെന്നും പിന്നീട് എബിവിപിയുടെ ഇടപെടല്‍ മൂലം പിന്‍വലിച്ചെന്നും പുസ്തക മേളയുടെ സംഘാടകനായ ഹേം പന്ത് പറഞ്ഞു.
ഇതോടെ രാംലീല മൈതാനത്ത് പുസ്തക മേള നടത്താന്‍ തീരുമാനിച്ചു. ഇതിന് അനുമതി ലഭിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. ആര്‍എസ്എസിന് ഒരു പരിപാടി നടത്താന്‍ മൈതാനം വേണമെന്നതിനാലാണ് അനുമതി പിന്‍വലിച്ചതെന്ന് ഹേം പന്ത് പറയുന്നു. മൈതാനം ഉപയോഗിക്കാന്‍ പുസ്തകമേളയുടെ സംഘാടകര്‍ ഫെബ്രുവരി ഒമ്പതിനാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, ആര്‍എസ്എസ് അപേക്ഷ വെച്ചത് ഫെബ്രുവരി പത്തിനായിരുന്നു. പുസ്തകമേളയ്ക്ക് നല്‍കിയ അനുമതി റദ്ദാക്കിയാണ് മൈതാനം ആര്‍എസ്എസിന് നല്‍കിയത്.