ഉത്തരാഖണ്ഡിലെ മദ്‌റസാ ബോര്‍ഡ് പിരിച്ചുവിടും; ന്യൂനപക്ഷ സ്ഥാപനങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും, ബില്ലുകള്‍ക്ക് അംഗീകാരം
ഡെറാഡൂണ്‍: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്ന ബില്ലിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. 'ദേവഭൂമി' സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്ന് ബില്ല് ശുപാര്‍ശ ചെയ്യുന്നു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമോ എന്ന കാര്യം ഈ സമിതിയായിരിക്കും തീരുമാനിക്കുക. ന്യൂനപക്ഷ സമുദായത്തിലെ പ്രമുഖനായ ഒരു വിദ്യാഭ്യാസ വിദഗ്ദനായിരിക്കുമത്രെ ഈ സമിതിയുടെ തലവന്‍. സ്ഥാപനങ്ങളിലെ സിലബസും ഈ സമിതിയായിരിക്കും തീരുമാനിക്കുക.
സംസ്ഥാനത്തെ മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. 2016ല്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ കാലത്താണ് മദ്‌റസ ബോര്‍ഡ് രൂപീകരിച്ചത്. മന്ത്രിസഭാ തീരുമാനം 'ഗെയിം ചേഞ്ചര്‍' ആണെന്ന് ബിജെപി അവകാശപ്പെട്ടു. 'ദേവഭൂമി' എന്ന നിലയില്‍ ഉത്തരാഖണ്ഡിന്റെ സ്വത്വം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വലിയ ചുവടുവയ്പ്പാണ് ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായ മഹേന്ദ്ര ഭട്ട് അവകാശപ്പെട്ടു.
മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് പിരിച്ചുവിടുമെന്ന തീരുമാനത്തെ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമര്‍ശിച്ചു. ''സ്വാതന്ത്ര്യത്തിന് മുമ്പേ രാജ്യത്ത് മദ്‌റസകളുണ്ട്. അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പോലും നിര്‍ണായക പങ്കുവഹിച്ചു. ബോര്‍ഡ് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് സാധിക്കും. പക്ഷേ, ചരിത്രം മായ്ക്കാന്‍ കഴിയില്ല.''-ഹരീഷ് റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡിലെ ജനങ്ങളില്‍ 14 ശതമാനമാണ് മുസ്‌ലിംകള്‍. നിലവില്‍ 452 മദ്‌റസകളാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
