പരമവീര ചക്രം ജേതാവ് ശഹീദ് അബ്ദുല്‍ ഹമീദിന്റെ പേരിലുള്ള സ്‌കൂളിന്റെ പേര് മാറ്റി; ഇനി മുതല്‍ പ്രധാനമന്ത്രി ശ്രീ സ്‌കൂള്‍

Update: 2025-02-17 15:07 GMT

ഗാസിപ്പൂര്‍: 1965ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ രക്തസാക്ഷിയായ പരമവീര ചക്രം ജേതാവ് അബ്ദുല്‍ ഹമീദിന്റെ പേരിലുള്ള സ്‌കൂളിന്റെ പേര് പിഎം ശ്രീ സ്‌കൂള്‍(പ്രധാനമന്ത്രി ശ്രീ സ്‌കൂള്‍) എന്നാക്കി മാറ്റി. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ വിദ്യഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ അബ്ദുല്‍ ഹമീദിന്റെ കുടുംബവും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളോട് കൂടിയാലോചന നടത്താതെയാണ് അധികൃതര്‍ സ്‌കൂളിന്റെ പേരുമാറ്റിയതെന്ന് അബ്ദുല്‍ ഹമീദിന്റെ ചെറുമകന്‍ ജമീല്‍ ആലം പറഞ്ഞു. രാജ്യത്തെ 14,500 സ്‌കൂളുകളെ 'മോഡല്‍' സ്‌കൂളുകളാക്കണമെന്ന പ്രധാനമന്ത്രിയുടെ 2022ലെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സ്‌കൂളിന്റെ പേരുമാറ്റിയതെന്ന് അധികൃതര്‍ പറയുന്നു.


രാജ്യത്തിനുവേണ്ടി പരമമായ ത്യാഗം ചെയ്ത ധീരനായ അബ്ദുള്‍ ഹമീദിന്റെ പേരില്‍ സ്ഥാപിതമായ സ്‌കൂളിന്റെ പേര് മാറ്റുന്നത് രാജ്യത്തിന്റെ ചരിത്രം തിരുത്തുന്നതിന് തുല്യമാണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മേധാവി അജയ് റായ് പറഞ്ഞു. ഈ സര്‍ക്കാരിന് മഹാന്‍മാരുമായി എന്ത് ശത്രുതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. മഹാനായ യോദ്ധാവിന്റെ പരമോന്നതമായ ത്യാഗത്തെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

1933 ജൂലൈ ഒന്നിന് ഉത്തര്‍പ്രദേശിലെ ധമുപൂര്‍ ഗ്രാമത്തില്‍ ജനിച്ച അബ്ദുള്‍ ഹമീദ് 20ാം വയസില്‍ 1954ല്‍ സൈന്യത്തില്‍ ചേര്‍ന്നു. ഗ്രനേഡിയേഴ്‌സ് റെജിമെന്റിന്റെ നാലാം ബറ്റാലിയനിലാണ് അദ്ദേഹത്തെ നിയമിച്ചത്.1965ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, പ്രത്യേകിച്ച് അസല്‍ ഉത്തര്‍ പോരാട്ടത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. യുദ്ധത്തില്‍ ഏറ്റവുമധികം ടാങ്ക് ആക്രമണം നടന്ന പോരാട്ടമായിരുന്നു ഇത്.


യുഎസില്‍ നിന്നും കൊണ്ടുവന്ന പാറ്റണ്‍ ടാങ്കുകള്‍ ഉപയോഗിച്ച് പാകിസ്താന്‍ സൈന്യം 1965 സെപ്റ്റംബര്‍ ഒമ്പതിനും പത്തിനും ഇടയില്‍ ഖേം കരണ്‍ സെക്ടറിലെ ചീമ ഗ്രാമത്തിനടുത്തുള്ള തന്ത്രപ്രധാനമായ സ്ഥലം ആക്രമിച്ചു. അവരെ നേരിടാന്‍ ഗ്രനേഡിയേഴ്‌സ് റെജിമെന്റിന്റെ നാലാം ബറ്റാലിയനെയാണ് സൈന്യം വിന്യസിച്ചത്. ആദ്യഘട്ടത്തില്‍ പാകിസ്താന്റെ നാലു ടാങ്കുകള്‍ ഹമീദ് ഒറ്റയ്ക്ക് നശിപ്പിച്ചു. മൊത്തം 13 ടാങ്കുകളാണ് പാകിസ്താന് നഷ്ടമായത്. പത്താം തീയ്യതി കൂടുതല്‍ പാക് ടാങ്കുകള്‍ എത്തി. അപ്പോള്‍ രണ്ടു ടാങ്കുകള്‍ കൂടി നശിപ്പിച്ചു. ഏഴാം ടാങ്ക് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബ്ദുള്‍ ഹമീദ് കൊല്ലപ്പെട്ടത്. പിന്നീട് ഇന്ത്യ വിജയം നേടി. യുദ്ധശേഷം അബ്ദുല്‍ ഹമീദിന് പരമവീര ചക്രം ലഭിച്ചു. അദ്ദേഹത്തിന്റെ മരണസ്ഥലം ഇപ്പോള്‍ ഒരു യുദ്ധ സ്മാരകത്തിന്റെ ഭാഗമാണ്.