ഹിന്ദു യുവാവിനെ നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചെന്ന്; മുസ്‌ലിം യുവതിക്കെതിരേ കേസ്

Update: 2025-11-16 05:49 GMT

മീറത്ത്: ഹിന്ദു യുവാവിനെ നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചെന്ന് ആരോപിച്ച് മുസ്‌ലിം യുവതിക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ മുറാദ്പൂര്‍ ഗ്രാമത്തിലെ സുനൈന പര്‍വീണ്‍(22) എന്ന യുവതിക്കെതിരെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്തത്. 25കാരനായ വിശാല്‍ സിങ് എന്ന യുവാവിന്റെ അമ്മ റിങ്കു കോടതിയില്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

2022ല്‍ മൗ പട്ടണത്തിലെ ഡെന്റല്‍ ക്ലിനിക്കില്‍ ഇരുവരും ജോലിയെടുത്തിരുന്നുവെന്ന് റിങ്കിയുടെ പരാതി പറയുന്നു. ഒരു ദിവസം സുനൈന, വിശാല്‍ സിങിനെ വശീകരിച്ച് മുറാദ്പൂരിലേക്ക് കൊണ്ടുപോയത്രെ. ''പിന്നീട് വിശാലിനെ അവിടെ തടങ്കലില്‍ വച്ചു. അവിടെ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഇസ്‌ലാമില്‍ ചേര്‍ത്തു. ക്രൂരമായി മര്‍ദ്ദിച്ച് നിസ്‌കരിക്കാന്‍ പഠിപ്പിച്ചു. ഇതിനെല്ലാം സുനൈനയുടെ പിതാവും സഹോദരന്‍മാരും നേതൃത്വം നല്‍കി.''-പരാതി ആരോപിക്കുന്നു.

പിന്നീട് 2025 ജൂലൈയിലാണ് വിശാല്‍ സിങ് വീട്ടിലെത്തിയതെന്നും പരാതിക്കാരി ആരോപിച്ചു. പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് നടപടികളൊന്നും സ്വീകരിച്ചില്ല. പോലിസ് സുനൈനയുടെ കുടുംബത്തിന് ഒപ്പമാണ് നിലകൊണ്ടതെന്ന് വിശാലിന്റെ പിതാവ് വിജയ് ബഹാദൂര്‍ സിങ് ആരോപിച്ചു. അതിനാല്‍ കോടതിയില്‍ പരാതി നല്‍കി പോലിസിനെ കൊണ്ട് കേസെടുപ്പിക്കുകയായിരുന്നുവെന്നും ബഹാദൂര്‍ സിങ് പറഞ്ഞു.

പ്രണയവിവാഹമാണ് നടന്നതെന്നും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോഴാണ് വിശാല്‍ സ്വന്തം നാട്ടിലേക്ക് പോയതെന്നും സുനൈനയുമായി ബന്ധപ്പെട്ട മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് പോലിസ് ആദ്യം കേസെടുക്കാതിരുന്നതെന്നും അവര്‍ അറിയിച്ചു. അന്വേഷണത്തിന് ഒടുവില്‍ കുറ്റകൃത്യം കണ്ടെത്തുകയാണെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസും പ്രഖ്യാപിച്ചു.