മദ്‌റസ അധ്യാപകര്‍ക്ക് ശമ്പളം ഉറപ്പാക്കുന്ന ബില്ല് പിന്‍വലിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലഖ്‌നോ: മദ്രസ അധ്യാപകരുടെ ശമ്പളം ഉറപ്പാക്കാനും ഹോണറേറിയം വര്‍ധിപ്പിക്കാനും കൊണ്ടുവന്ന ബില്ല് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. സമാജ്‌വാദി പാര്‍ട്ടി ഉത്തര്‍പ്രദേശ് ഭരിക്കുന്ന 2016ല്‍ കൊണ്ടുവന്ന ബില്ലാണ് ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചത്. ബില്ല് 2016ല്‍ നിയമസഭ പാസാക്കിയെങ്കിലും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ രാം നായ്ക് എതിര്‍ത്തു. തുടര്‍ന്ന് രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചു. രാഷ്ട്രപതി ഈ ബില്ല് മടക്കി അയച്ചു. ഈ ബില്ലാണ് ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
മദ്‌റസ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായ് ശമ്പളം നല്‍കാനും ഹോണറേറിയം വര്‍ധിപ്പിക്കാനുമാണ് സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നത്. ബിരുദധാരികളായ അധ്യാപകര്‍ക്ക് 2,000 രൂപയും ബിരുദാനന്തര ബിരുദമുള്ള അധ്യാപകര്‍ക്ക് 3,000 രൂപയും അധികമായി ഹോണറേറിയം നല്‍കാനായിരുന്നു ബില്ലിലെ വ്യവസ്ഥ. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നാണ് നിലവിലെ സര്‍ക്കാരിന്റെ വാദം.