സംഭല്‍ മസ്ജിദിന് സമീപം 'ഭീകരവിരുദ്ധ സേന' യൂണിറ്റ് സ്ഥാപിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Update: 2025-09-10 16:02 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാ മസ്ജിദിന് സമീപം 'ഭീകരവിരുദ്ധ സേന' യൂണിറ്റ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍. മസ്ജിദിന് സമീപം നേരത്തെ സ്ഥാപിച്ച സത്യാവ്രത് പോലിസ് ഔട്ട്‌പോസ്റ്റിന് സമീപമായിരിക്കും ഈ യൂണിറ്റും സ്ഥാപിക്കുക. നേരത്തെ ജില്ലാ ഭരണകൂടം പൊളിച്ച ഖബര്‍സ്ഥാന്‍ ഭൂമിയിലായിരിക്കും യൂണിറ്റിന് വേണ്ട സൗകര്യങ്ങള്‍ നിര്‍മിക്കുക. നിരോധിത സംഘടനകളായ സിമി, അല്‍ ഖ്വയിദ, ഐഎസ് തുടങ്ങിയവരുടെ പ്രവര്‍ത്തകര്‍ സംഭലില്‍ സജീവമാണെന്നാണ് വാദം.


നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഭല്‍ ശാഹി ജമാ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് 2024 നവംബറില്‍ ഹിന്ദുത്വര്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ജയ്ശ്രീറാം വിളിച്ച് ഹിന്ദുത്വ സംഘവും അഭിഭാഷകരും സര്‍വേക്കെത്തി. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തിനിടെ അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. അതിന് പിന്നാലെ ഭൂമി കൈയ്യേറ്റവും വൈദ്യുതി മോഷണവും ആരോപിച്ച് പ്രദേശത്ത് ജില്ലാ ഭരണകൂടം ഭീകരത അഴിച്ചുവിട്ടു. നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് കേസുകളാണ് വിവിധ വകുപ്പുകള്‍ സംഭല്‍ നിവാസികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. സംഭല്‍ സംഘര്‍ഷം അന്വേഷിക്കാന്‍ ബിജെപി അനുഭാവിയെ അടക്കം ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനും രൂപീകരിച്ചു. സംഭലില്‍ ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന ഹിന്ദുത്വ പ്രചാരണം ഉള്‍പ്പെടുത്തിയ റിപോര്‍ട്ടാണ് ഈ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.