റോഡില്‍ വീണ പോസ്റ്റില്‍ ബൈക്ക് തട്ടി ഉസ്താദ് മരിച്ചു; മേല്‍ശാന്തിക്ക് ഗുരുതര പരിക്ക്

Update: 2025-05-24 05:58 GMT

കൊച്ചി: റോഡില്‍ വീണുകിടന്ന ഇലക്ടിക് പോസ്റ്റില്‍ ബൈക്ക് തട്ടിയുണ്ടായ അപകടത്തില്‍ ഉസ്താദ് മരിച്ചു.കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. അല്‍പ്പസമയത്തിന് ശേഷം അതുവഴി ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിയും അപകടത്തില്‍ പെട്ടു. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. രാത്രി പോസ്റ്റ് ഒടിഞ്ഞുവീണ കാര്യം നാട്ടുകാര്‍ പോലിസിനേയും കെഎസ്ഇബിയേയും അറിയിച്ചിരുന്നു. പോലിസ് സ്ഥലം സന്ദര്‍ശിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. പോലിസ് പോയതിന് ശേഷമാണ് അബ്ദുല്‍ ഗഫൂര്‍ ഇതുവഴി വന്നത്.