തൃശൂര്‍ വെടിക്കെട്ട് പുര സ്‌ഫോടനം: സ്‌ഫോടക വസ്തു ഉപയോഗത്തെ കുറിച്ച് ഉത്സവ കമ്മിറ്റികളും മതപണ്ഡിതരും ചിന്തിക്കണമെന്ന് സിപിഐ

Update: 2026-04-21 17:05 GMT

തിരുവനന്തപുരം: ഉത്സവങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള അപകടകരമായ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ഉത്സവ കമ്മിറ്റികളും മതപണ്ഡിതന്മാരും മുന്‍വിധി കൂടാതെ ചിന്തിക്കണമെന്ന് ഈ ദുരന്തം വിരല്‍ ചൂണ്ടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മരിച്ച സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ തീരാദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പരിക്കേറ്റ എല്ലാവര്‍ക്കും വിദഗ്ധ ചികിത്സയും സഹായവും ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മന്ത്രിമാരായ വി എന്‍ വാസവന്‍, മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.