വാഷിങ്ടണ്‍: ഇസ്രായേലി സൈനികര്‍ക്ക് പരിശീലനം നല്‍കാന്‍ യുഎസ് നേവി മൃതദേഹങ്ങള്‍ സംഘടിപ്പിച്ചതായി കണ്ടെത്തി. സതേണ്‍ കാലിഫോണിയ സര്‍വ്വകലാശാലയില്‍ നിന്നാണ് യുഎസ് നേവി മൃതദേഹങ്ങള്‍ വാങ്ങിയത്. 2017 മുതല്‍ 89 പുതിയ മൃതദേഹങ്ങള്‍ക്കായി 7.6 കോടി രൂപയാണ് അവര്‍ സര്‍വകലാശാലക്ക് നല്‍കിയത്. അതില്‍ 32 മൃതദേഹങ്ങള്‍ ഇസ്രായേലി സൈന്യത്തിന് നല്‍കി. ലോസ് എയ്ഞ്ചലസിലെ ജനറല്‍ മെഡിക്കല്‍ സെന്ററിലെ ഇസ്രായേലി സൈനിക മെഡിക്കല്‍ സംഘങ്ങളാണ് അവ എടുത്തത്. മൃതദേഹങ്ങളില്‍ രക്തം നിറക്കുകയും അവയെ ആക്രമിച്ചു പരിശീലിക്കുകയും ചെയ്തു.
എങ്ങനെയാണ് സര്‍വകലാശാല മൃതദേഹങ്ങള്‍ സംഘടിപ്പിച്ചതെന്ന് നിലവില്‍ ലോസ് എയ്ഞ്ചലസ് കോടതി പരിശോധിക്കുന്നുണ്ട്. അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പകരം സര്‍വകലാശാല ഏറ്റെടുത്ത് വില്‍പ്പന നടത്തിയെന്നാണ് സൂചന. മരിച്ചവരുടെയോ ബന്ധുക്കളെയോ സമ്മതമില്ലാതെ മൃതദേഹങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ധാര്‍മിക വിരുദ്ധവുമാണെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മരിച്ചയാളുടെ അന്തസ് പോലും പരിഗണിക്കാതെയാണ് ഈ കുറ്റകൃത്യം നടത്തിയതെന്നും അവര്‍ കോടതിയെ അറിയിച്ചു.