യുഎസ്-അന്‍സാര്‍ അല്ലാഹ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒമാന്‍; ഇസ്രായേലിനെതിരായ ആക്രമണം തുടരുമെന്ന് അന്‍സാര്‍ അല്ലാഹ്
മസ്‌കത്ത്: യെമനിലെ അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനവും യുഎസ് സര്‍ക്കാരും തമ്മില്‍ വെടിനിര്‍ത്തലായെന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഭാവിയിലെ സൈനികനടപടികളിലും ഇരുവിഭാഗവും പരസ്പരം ആക്രമിക്കില്ലെന്നാണ് ധാരണ. യെമനിലെ വ്യോമാക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിനെ അറിയിക്കാതെയാണ് യുഎസ് ഈ നടപടി സ്വീകരിച്ചതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ''ഞങ്ങള്‍ക്ക് ഈ ചര്‍ച്ചയെ കുറിച്ച് അറിയില്ലായിരുന്നു. ട്രംപിന്റെ പ്രവൃത്തി ഞെട്ടിച്ചു.''-ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ ആക്‌സിയോസ് പത്രത്തോട് പറഞ്ഞു.
ഗസയിലെ ആക്രമണം അവസാനിക്കുകയും അവിടുത്തെ ജനങ്ങള്‍ക്കെതിരായ ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ചെങ്കടലിലും 'ഇസ്രായേലിനും' എതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് അന്‍സാര്‍ അല്ലാഹ് രാഷ്ട്രീയ കൗണ്‍സില്‍ അംഗമായ മുഹമ്മദ് അല്‍ ബുഖൈതി പറഞ്ഞു. അമേരിക്കന്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ യുഎസ് യുദ്ധക്കപ്പലുകള്‍ക്കെതിരായ ആക്രമണം നിലച്ചേക്കാമെന്ന് അല്‍ ബുഖൈതി സൂചിപ്പിച്ചെങ്കിലും ഗസയെ പിന്തുണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.