ട്രംപിന്റെ ഉത്തരവുകള്‍ യുഎസ് സൈനികര്‍ പാലിക്കരുതെന്ന് കൊളംബിയന്‍ പ്രസിഡന്റ്; വിസ പിന്‍വലിക്കുകയാണെന്ന് യുഎസ്
ന്യൂയോര്‍ക്ക്: കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ പിന്‍വലിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ഗുസ്താവോ പെട്രോ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാരോട് സംസാരിച്ചിരുന്നു. ലോകത്തിന്റെ രക്ഷയ്ക്കായി ഒരു സൈന്യം സ്ഥാപിക്കാന്‍ യുഎന്നില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഗുസ്താവോ പെട്രോ അവരോട് പറഞ്ഞു. '' വിവിധ ലോകരാജ്യങ്ങള്‍ ആ സൈന്യത്തിലേക്ക് സൈനികരെ നല്‍കും. ആ സൈന്യം അന്താരാഷ്ട്ര നീതിയുടെ ഉത്തരവുകള്‍ നടപ്പാക്കും. ആ സൈന്യം യുഎസ് സൈന്യത്തേക്കാള്‍ വലുതായിരിക്കണം. യുഎസ് സൈനികര്‍ മാനവികതയ്ക്ക് എതിരെ തോക്കുയര്‍ത്തരുത്. അവര്‍ ട്രംപിന്റെ ഉത്തരവുകള്‍ പാലിക്കരുത്. മാനവികതയുടെ ഉത്തരവുകളാണ് പാലിക്കേണ്ടത്.''- ഗുസ്താവോ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് വിസ പിന്‍വലിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് തീരുമാനിച്ചത്. അശ്രദ്ധയും വിദ്വേഷവും നിറഞ്ഞ പ്രവൃത്തിയാണ് ഗുസ്താവോ പെട്രോ നടത്തിയതെന്നും സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ആരോപിച്ചു.
അതേസമയം, ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസില്‍വ ഗുസ്താവോ പെട്രോയെ ആദരസൂചകമായി നെറുകയില്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ഗുസ്താവോയുടെ പ്രസംഗത്തിനുശേഷമായിരുന്നു ചുംബനം. ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രാലിനെ ഗുസ്താവോ പെട്രോ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ഫലസ്തീനെ മോചിപ്പിക്കാന്‍' ഏഷ്യന്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഒരു അന്താരാഷ്ട്ര സൈനിക കൂട്ടായ്മ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ തടയണമെന്നും ആഹ്വാനം ചെയ്തു. ഈ പ്രസംഗത്തിനു പിന്നാലെയാണ് ബ്രസീല്‍ പ്രസിഡന്റ് അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന് അരികിലെത്തി തലയില്‍ ചുംബിച്ചത്.
