യുഎസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യുക്രൈയ്ന്‍

Update: 2025-03-12 02:47 GMT

ജിദ്ദ: റഷ്യയുമായി 30 ദിവസത്തേക്ക് വെടിനിര്‍ത്തണമെന്ന യുഎസ് ശുപാര്‍ശ അംഗീകരിക്കാന്‍ തയ്യാറാണെന്ന് യുക്രൈയ്ന്‍. സൗദിയിലെ ജിദ്ദയില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് യുക്രൈയ്ന്‍ നിലപാട് അറിയിച്ചിരിക്കുന്നത്. പന്ത് ഇനി റഷ്യയുടെ കോര്‍ട്ടിലാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ പറഞ്ഞു. '' റഷ്യക്കാര്‍ കരാറിനോട് ഓക്കെ പറയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അവര്‍ സമ്മതിച്ചാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. അതാണ് യഥാര്‍ത്ഥ ചര്‍ച്ചകള്‍.''- മാര്‍ക്കോ റൂബിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമാധാന കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് നേരത്തെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. റഷ്യയുടെ ദീര്‍ഘകാല സുരക്ഷ ഉറപ്പുവരുത്തുന്ന കരാറില്‍ മാത്രമേ ഒപ്പിടാന്‍ ആവൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2022 മുതല്‍ റഷ്യയുട നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരികെ നല്‍കില്ലെന്നും റഷ്യ അറിയിച്ചിരുന്നു. ജിദ്ദയിലുണ്ടായിരുന്നെങ്കിലും യുക്രൈയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. എന്നിരുന്നാലും ചര്‍ച്ചയുടെ ഫലം ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ സമ്മതിച്ചാല്‍ ഉടന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും സെലെന്‍സ്‌കി പറഞ്ഞു.