കാബൂള്‍: ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ ഗ്വാണ്ടനാമോയിലെ തടങ്കല്‍ പാളയത്തില്‍ പൂട്ടിയിട്ട അവസാന അഫ്ഗാനിസ്ഥാന്‍ പൗരനെ വിട്ടയക്കാമെന്ന് യുഎസ് സമ്മതിച്ചു. കഴിഞ്ഞ 18 വര്‍ഷമായി വിചാരണയില്ലാതെ പൂട്ടിയിട്ട മുഹമ്മദ് റഹീമിനെയാണ് യുഎസ് സര്‍ക്കാര്‍ വിട്ടയക്കുക. അഫ്ഗാനിസ്താനില്‍ തടവിലുള്ള യുഎസ് പൗരന്‍മാരെ വേണമെങ്കില്‍ മുഹമ്മദ് റഹീമിനെ തിരികെ വേണമെന്ന അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട് പരിഗണിച്ചാണ് തീരുമാനം. മുഹമ്മദ് റഹീമിനെ തിരികെ കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ ചാപ്പര്‍ഹാര്‍ പ്രദേശത്തെ ഗോത്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
2007 ജൂണ്‍ 25നാണ് പാകിസ്ഥാനിലെ ലഹോറിന് സമീപത്തുള്ള ഒരു ചെറു നഗരത്തില്‍ നിന്നും യുഎസ് സൈന്യം അബ്ദുല്‍ റഹീമിനെ തട്ടിക്കൊണ്ടുപോയത്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ആറു മാസം കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തു. ക്യൂബയില്‍ നിന്നും യുഎസ് തട്ടിയെടുത്ത ഗ്വാണ്ടനാമോയിലെ തടവറയിലാണ് റഹീമിനെ അടച്ചത്. സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ കാലത്താണ് റഹീം അഫ്ഗാന്‍ മുജാഹിദീനില്‍ ചേര്‍ന്നത്. 1989ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ നിന്നും പിന്‍മാറിയപ്പോള്‍ പാകിസ്ഥാനില്‍ അധ്യാപകനായി. പിന്നീട് അഫ്ഗാനിസ്ഥാനില്‍ യുഎസ് അധിനിവേശം നടത്തിയപ്പോള്‍ താലിബാന്റെ ഭാഗമായി.
