ഇന്ത്യക്ക് എഫ്35 യുദ്ധവിമാനം വില്‍ക്കാന്‍ തയ്യാറെന്ന് ട്രംപ്; പരസ്പര നികുതിയില്‍ ഇന്ത്യക്ക് ഇളവ് നല്‍കില്ല
വാഷിങ്ടണ്‍: ഇന്ത്യക്ക് എഫ്35 യുദ്ധവിമാനം വില്‍ക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വാഷിംഗ്ടണ്‍ ഡിസിയിലെ ബ്ലെയര്‍ ഹൗസില്‍ ഉന്നതതല മീറ്റിംഗുകളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സുമായും ടെസ്‌ല മേധാവി ഈലണ്‍ മസ്‌കുമായും റിപ്പബ്ലിക്കന്‍ നേതാവ് വിവേക് രാമസ്വാമിയുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് വൈറ്റ്ഹൗസില്‍ ട്രംപിനെ കണ്ടത്.
ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും യുഎസും തമ്മില്‍ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു. താനും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ നാലു വര്‍ഷവും സൗഹൃദം നിലനിര്‍ത്തിയെന്നും ട്രംപ് പറഞ്ഞു.
Six months of Godi Media preparation were destroyed in six seconds 😂🤣pic.twitter.com/8sPj4p3JTK
— Sumon Kais (@sumonkais) February 13, 2025
അതേസമയം, യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പരസ്പര നികുതി (റസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തില്‍ ഇളവ് നല്‍കാന്‍ ട്രംപ് തയാറായില്ല. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും യുഎസ് അതേ നികുതി ചുമത്തും. വ്യാപാര കാര്യങ്ങളില്‍ സഖ്യരാജ്യങ്ങള്‍ ശത്രുരാജ്യങ്ങളെക്കാള്‍ മോശമാണെന്ന് ട്രംപ് പറഞ്ഞു.
പണ്ട് ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ വില്‍ക്കാന്‍ ഏറെ പ്രയാസപ്പെട്ടതായി കൂടിക്കാഴ്ച്ചക്ക് മുമ്പ് ട്രംപ് പറഞ്ഞു. നികുതി പ്രശ്‌നം മൂലം ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ നിര്‍ബന്ധിതരായി. അതേസമയം, ആര്‍ക്കും യുഎസില്‍ ഫാക്ടറി നിര്‍മിക്കാന്‍ കഴിയും. സഖ്യകക്ഷികള്‍ വരെ യുഎസിനോട് അങ്ങനെയാണ് പെരുമാറുന്നതെന്നും ട്രംപ് പറഞ്ഞു.
2030 ആകുമ്പോഴേക്കും ഇന്ത്യ-യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. ഇന്ത്യ-യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കും. ട്രംപുമായി യോജിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും. ആദ്യ ഘട്ടത്തെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണില്‍ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങുമെന്നും മോദി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.

