വാഷിങ്ടണ്‍: യുഎസ് നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് ഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ലെന്ന് യുഎസ് ഇന്റലിജന്‍സ്. ഒന്നോ രണ്ടോ മാസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ആണവനിലയങ്ങള്‍ക്കുണ്ടായതെന്ന് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപോര്‍ട്ട് പറയുന്നു.
ഇറാനിലെ ഫോര്‍ദോ ആണവനിലയത്തിന് നേരെ യുഎസ് ഇട്ട 30,000 പൗണ്ട് തൂക്കം വരുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആണവനിലയത്തിലേക്കുള്ള രണ്ടു വഴികള്‍ അടയ്ക്കുക മാത്രമാണ് ചെയ്തത്. അകത്തെ സംവിധാനങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. സെന്‍ട്രിഫ്യൂഗുകള്‍ എല്ലാം പഴയസ്ഥിതിയില്‍ തന്നെ തുടരുന്നു. ഇറാന്റെ ശുദ്ധീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കാനും കഴിഞ്ഞില്ലെന്നും റിപോര്‍ട്ട് പറയുന്നു.
ബങ്കര്‍ ബസ്റ്റര്‍ ബോംബ് കൊണ്ട് ഇറാന്റെ ആണവപദ്ധതികള്‍ നശിപ്പിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രസ്താവനകള്‍ക്കെതിരാണ് ഇന്റലിജന്‍സ് റിപോര്‍ട്ട്.