വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലയില്‍ നിന്നും പെട്രോളിയം കൊണ്ടുപോവുന്ന റഷ്യന്‍ പതാകയുള്ള 'മാരിനേര' കപ്പല്‍ അറ്റ്‌ലാന്റിക്കില്‍ വച്ച് യുഎസ് തട്ടിയെടുത്തു. രണ്ടാഴ്ച പിന്തുടര്‍ന്നശേഷമാണ് നടപടി. കപ്പലിനു സംരക്ഷണം നല്‍കാന്‍ റഷ്യ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനിയും അയച്ചിരുന്നു. ബെല്ല 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കപ്പല്‍ അടുത്തിടെയാണ് മാരിനേര എന്നു പേരു മാറ്റിയത്. വെനുസ്വേലയില്‍നിന്ന് എണ്ണ കൊണ്ടുപോയി എന്നാരോപിച്ച് ഈ കപ്പലിനെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ ഡിസംബറില്‍ യുഎസ് ശ്രമം നടത്തിയത്. എന്നാല്‍ യുഎസിന്റെ നീക്കം പരാജയപ്പെടുത്തിയ കപ്പലിലെ ഉദ്യോഗസ്ഥര്‍ പേര് മാരിനേര എന്നു മാറ്റുകയും ഗയാനയുടെ പതാക മാറ്റി റഷ്യന്‍ പതാക സ്ഥാപിക്കുകയും ചെയ്തു. കപ്പലിന്റെ റജിസ്‌ട്രേഷന്‍ റഷ്യയിലേക്ക് മാറ്റി. തുടര്‍ന്ന്, തങ്ങളുടെ കപ്പലിനെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യ യുഎസിനോട് ആവശ്യപ്പെട്ടു. കപ്പലിനെ സംരക്ഷിക്കാന്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനിയും അയച്ചു. വടക്കന്‍ അറ്റ്ലാന്റിക്കില്‍വച്ചാണ് യുഎസ് കോസ്റ്റ് ഗാര്‍ഡും യുഎസ് സൈന്യവും ചേര്‍ന്ന് കപ്പല്‍ തട്ടിയെടുത്തെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.