ഗസ വംശഹത്യയിലെ അന്വേഷണം; അന്താരാഷ്ട്ര നീതിന്യായ കോടതി പ്രോസിക്യൂട്ടര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

Update: 2025-02-14 02:49 GMT

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ അന്വേഷണം നടത്തുന്ന അന്താരാഷ്ട്ര നീതിന്യായ കോടതി പ്രോസിക്യൂട്ടര്‍ കരീം ഖാനെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ് സര്‍ക്കാര്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും യുദ്ധമന്ത്രിയായിരുന്ന യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടതിനാണ് നടപടി. മ്യാന്‍മറില്‍ രോഹിങ്ഗ്യന്‍ മുസ്‌ലിംകളെ വംശഹത്യ നടത്തുന്നതിന് നേതൃത്വം നല്‍കിയ സൈനിക മേധാവി മിങ് ഓങ് ഹ്‌ളെയ്ങിനെതിരെയും നേരത്തെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു.

അന്താരാഷ്ട്ര ക്രിമിനല്‍ നിയമത്തില്‍ വിദഗ്ദനായ ബ്രിട്ടീഷ് അഭിഭാഷകനാണ് കരീം ഖാന്‍. യുഗോസ്ലാവിയയിലെ വംശഹത്യ, റുവാണ്ടയിലെ വംശഹത്യ, കംബോഡിയയിലെ വംശഹത്യ, സിയറലിയോണ്‍ ആഭ്യന്തരയുദ്ധത്തിലെ കുറ്റങ്ങള്‍ തുടങ്ങിയവ അന്വേഷിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പ്രോസിക്യൂട്ടറായത്. യുഎസിന്റെ പ്രധാനസഖ്യകക്ഷിയായ ഇസ്രായേലിന് എതിരായ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, അമേരിക്കന്‍ ഉപരോധം മറികടന്ന് നീതി നടപ്പാക്കുമെന്ന് കോടതിയും അറിയിച്ചു. യൂറോപ്പിലെ നിരവധി രാജ്യങ്ങള്‍ കോടതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.