ഹൂത്തികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വളച്ച യുഎസ് പടക്കപ്പലില്‍ നിന്നും യുദ്ധവിമാനം ചെങ്കടലില്‍ വീണു; 510 കോടി രൂപ വിലവരുന്ന എഫ്എ 18 ഫൈറ്റര്‍ ജെറ്റാണ് യുഎസിന് നഷ്ടമായത്

Update: 2025-04-29 02:06 GMT

സന്‍ആ/ വാഷിങ്ടണ്‍: യെമനിലെ അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അതിവേഗം വളച്ച യുഎസ് പടക്കപ്പലില്‍ നിന്നും യുദ്ധവിമാനം ചെങ്കടലില്‍ വീണു. യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ എന്ന പടക്കപ്പലിലുണ്ടായിരുന്ന എഫ്എ-18 സൂപ്പര്‍ ഹോണറ്റ് ഫൈറ്റര്‍ ജെറ്റാണ് കടലില്‍ വീണത്. ഈ യുദ്ധവിമാനത്തെ കപ്പലില്‍ പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ടോ ട്രാക്ടറും കടലില്‍ പോയി. ഒരു സൈനികന് പരിക്കേല്‍ക്കുകയുമുണ്ടായി. 60 ദശലക്ഷം യുഎസ് ഡോളര്‍ അഥവാ 510 കോടി രൂപ വരുന്ന യുദ്ധവിമാനമാണ് യുഎസിന് നഷ്ടപ്പെട്ടിരിക്കുന്നത്.


യെമനില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും മറുപടിയായി യുഎസ്എസ് ഹാരി എസ് ട്രൂമാന് നേരെ ഹൂത്തികള്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. സന്‍ആയിലും സാദയിലും യുഎസ് നടത്തിയ രണ്ടു കൂട്ടക്കൊലകള്‍ക്ക് മറുപടിയായി ഹാരി എസ് ട്രൂമാനും അകമ്പടി കപ്പലുകള്‍ക്കും എതിരെ ആക്രമണം നടത്തിയതായി ഹൂത്തികളുടെ സൈനികവക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ പടക്കപ്പല്‍ ചെങ്കടലില്‍ നിന്നും കൂടുതല്‍ വടക്കോട്ട് മാറേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്താണ് കപ്പലില്‍ നിന്ന് യുദ്ധവിമാനം കടലില്‍ വീണത് എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നു. ഹാരി എസ് ട്രൂമാന്‍ അതിവേഗം വളച്ചത് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്തുവന്നു.


 യുഎസ്എസ് ഹാരി എസ് ട്രൂമാന് എസ്‌കോര്‍ട്ട് വരുന്ന കപ്പലുകള്‍ക്കും ഹൂത്തികളുടെ മിസൈലുകളെയും ഡ്രോണുകളെയും തടയാനായില്ലെന്ന് ഇത് വ്യക്തമാക്കുന്നു. നേരത്തെ ഈ പടക്കപ്പലില്‍ നിന്നും പറന്നുയര്‍ന്ന ഒരു എഫ്എ 18 വിമാനം ഹൂത്തികള്‍ വെടിവച്ചിട്ടിരുന്നു.യെമനെ ആക്രമിക്കാന്‍ യുഎസ് ഉപയോഗിക്കുന്ന 22 എംക്യു9 ഡ്രോണുകളും ഹൂത്തികള്‍ വീഴ്ത്തിയിട്ടുണ്ട്. ഒരു ഡ്രോണിന് 285 കോടി രൂപ വിലവരും.