ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നുവീണു. ആക്രമണത്തില്‍ അല്ല വിമാനം തകര്‍ന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ, ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് അമേരിക്ക അറിയിച്ചു. ഒരു വിമാനം പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നുവീണു, രണ്ടാമത്തേത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. വിമാനം തകര്‍ന്നു വീണതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയ്ക്ക് നഷ്ടമായ നാലാമത്തെ വിമാനമാണിത്. നേരത്തെ മൂന്ന് എഫ്-15 വിമാനങ്ങളാണ് തകര്‍ന്നത്.
60 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കെസി-135 വിമാനങ്ങളില്‍ സാധാരണയായി മൂന്ന് പേരാണ് ഉണ്ടാവുക. പൈലറ്റ്, കോപൈലറ്റ്, മറ്റ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ബൂം പ്രവര്‍ത്തിപ്പിക്കുന്ന മൂന്നാമത്തെയാള്‍ എന്നിവരാണെന്ന് യുഎസ് വ്യോമസേന പറയുന്നു. എന്നാല്‍ ചില കെസി-135 ദൗത്യങ്ങള്‍ക്ക് നാവിഗേറ്റര്‍ ആവശ്യമാണ്, കൂടാതെ വിമാനത്തിന് 37 പേരെ വഹിക്കാനും കഴിയും.