പശ്ചിമേഷ്യയിലെ യുഎസ് സൈനികസാന്നിധ്യം പരിമിതമെന്ന് ന്യൂയോര്‍ക്ക് ടൈംസ്

Update: 2026-01-15 09:12 GMT

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയിലെ യുഎസിന്റെ സൈനികസാന്നിധ്യം പരിമിതമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട്. ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ യുഎസ് സര്‍ക്കാരില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചുള്ള റിപോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇറാന്റെ ആണവസൗകര്യങ്ങളെ ആക്രമിക്കുന്നത് അടക്കമുള്ള ശുപാര്‍ശകളാണ് യുദ്ധമന്ത്രാലയം നല്‍കിയിരിക്കുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. 2025 ജൂണില്‍ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചിരുന്നു. എന്നാല്‍, ഇത്തവണ ട്രംപ് വ്യത്യസ്തമായാണ് ചിന്തിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് പറയുന്നു.

മെഡിറ്ററേനിയന്‍(മധ്യധരണ്യാഴി) കടലിന്റെ കിഴക്കുഭാഗത്ത് നിന്നും ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്ന വിമാനവാഹിനി കപ്പലിനെ യുഎസ് സൈന്യം ഇപ്പോള്‍ കരീബീയനിലേക്ക് മാറ്റിയിട്ടുണ്ട്. വെനുസ്വേലയെ നേരിടാനാണ് കപ്പല്‍ കൊണ്ടുപോയത്. 15,000 സൈനികരെയും അവിടെ വിന്യസിച്ചു. ഇതോടെ പശ്ചിമേഷ്യയിലെ യുഎസിന്റെ സൈനികശക്തിയില്‍ വലിയ കുറവുണ്ടായി. എന്നാല്‍, ഇതിന് പകരമായി മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള യുഎസ്എസ് റൂസ്‌വെല്‍ട്ട് പോലുള്ള ഡിസ്‌ട്രോയറുകള്‍ ചെങ്കടലില്‍ പ്രവേശിച്ചിട്ടുണ്ട്. മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയും കടലില്‍ കറങ്ങുന്നുണ്ട്. യുഎസ് സൈന്യം ഇറാനില്‍ നേരിട്ട് ഇറങ്ങാതെ യുദ്ധത്തില്‍ പുരോഗതിയുണ്ടാവില്ലെന്നാണ് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഇറാനെ യുഎസ് നേരിട്ട് തന്നെ ആക്രമിക്കണമെന്നാണ് ഇസ്രായേലികള്‍ ആവശ്യപ്പെടുന്നത്.

അതേസമയം, ഇറാനിലെ ആഭ്യന്തര സുരക്ഷാ സംവിധാനം തകര്‍ത്താല്‍ മതിയെന്ന ഉപദേശവും സൈന്യത്തില്‍ നിന്നും ട്രംപിന് ലഭിച്ചിട്ടുണ്ട്. അതിന്റെ കൂടെ സൈബര്‍ ആക്രമണവും നടത്താനും ശുപാര്‍ശയുണ്ട്. എന്നാല്‍, ഏതൊരു ആക്രമണവും കഠിനമായ ഇറാനിയന്‍ ആക്രമണത്തിന് കാരണമാവുമെന്നും യുഎസ് സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. അതിനാല്‍ തന്നെ പ്രതിരോധം ഒരുക്കിയ ശേഷം ഇറാനെ ആക്രമിച്ചാല്‍ മതിയെന്നാണ് ചില സൈനിക ഉദ്യോഗസ്ഥരുടെ നിലപാട്.